ഈജിപ്തില്‍ പ്രസിഡന്റ് അല്‍സിസിക്കെതിരേ പ്രക്ഷോഭം
കെയ്‌റോ: പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി വന്‍ അഴിമതിക്കാരനാണെന്ന ആരോപണത്തെ തുടര്‍ന്ന് സിസി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഈജിപ്തില്‍ ജനകീയ പ്രക്ഷോഭം. 2011ല്‍ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരേ പ്രക്ഷോഭമുയര്‍ന്ന കെയ്‌റോയിലെ സ്വാതന്ത്ര്യ ചത്വരത്തില്‍ ഒത്തുകൂടിയ ആയിരക്കണക്കിനു സമരക്കാരും സിവിലിയന്‍ വേഷത്തിലെത്തിയ പൊലിസുകാരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.
രാജ്യത്തെ പ്രമുഖ പ്രവാസി ബിസിനസുകാരനും നടനുമായ മുഹമ്മദ് അലിയാണ് പ്രസിഡന്റ് വന്‍ അഴിമതി നടത്തിയ കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്റിനും കൂട്ടാളികള്‍ക്കും വേണ്ടി കെട്ടിടങ്ങള്‍ പണിതുകൊടുത്തയാളെന്ന നിലയില്‍ കൃത്യമായ വിവരങ്ങല്‍ പുറത്തുവിട്ട അദ്ദേഹം ജനങ്ങളോടു തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തു. സിസി രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഇപ്പോള്‍ സ്‌പെയിനിലുള്ള അലി പ്രഖ്യാപിച്ചു. സര്‍ക്കാരിനെതിരായ പ്രതിഷേധമോ പ്രകടനമോ അനുവദിക്കാത്ത രാജ്യമായ ഈജിപ്തില്‍ ആയിരങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ഉണരൂ, പേടി വേണ്ട, സിസി പുറത്തു പോവൂ എന്നിങ്ങനെ സമരക്കാര്‍ മുദ്രാവാക്യം വിളിക്കുന്ന വിഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അലക്‌സാന്‍ഡ്രിയയും സൂയസും കഴിഞ്ഞാല്‍ രാജ്യത്തെ പ്രമുഖ നഗരമായ കെയ്‌റോയിലാണ് പ്രധാനമായും പ്രക്ഷോഭം നടക്കുന്നത്. എന്നാല്‍ രാജ്യത്തെ എട്ടു നഗരങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതായി വിവരമുണ്ട്. സാമൂഹ്യമാധ്യമങ്ങല്‍ വഴിയാണ് പ്രക്ഷോഭ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ വിശദവിവരങ്ങള്‍ ലഭ്യമല്ലെന്ന് അല്‍ ജസീറ അറിയിച്ചു. അതേസമയം നിരവധിപേരെ അറസ്റ്റ് ചെയ്തതായും പൊലിസ് സമരക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. 74 പേരെ അറസ്റ്റ് ചെയ്തതായി എ.എഫ്.പി അറിയിച്ചു.
ഈമാസം രണ്ടിനാണ് മുഹമ്മദ് അലി വിഡിയോയിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. തനിക്കു രാജ്യത്തേക്കു തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്നും അവകാശങ്ങള്‍ നേടിയെടുക്കാന്‍ എല്ലാവരും ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. അലിയുടെ വിഡിയോകള്‍ ലക്ഷക്കണക്കിനു പേരിലേക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്.
രാജ്യത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കി 2013ല്‍ അധികാരത്തിലേറിയ മുന്‍ പ്രതിരോധമന്ത്രിയായ അല്‍സിസി രാജ്യത്ത് പ്രകടനങ്ങള്‍ നിരോധിച്ചിരുന്നു. യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാനായി സിസി ന്യൂയോര്‍ക്കിലേക്കു പോയ സമയത്താണ് രാജ്യത്ത് പ്രക്ഷോഭം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."