ശ്വാനസൗഹൃദ പാലക്കാട്; പദ്ധതിഉദ്ഘാടനം നാളെ
പാലക്കാട്: തെരുവുനായ്ക്കളുടെ പ്രജനനം ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കുവാന്‍ ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ശ്വാന സൗഹൃദ പാലക്കാട് പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ. രാജു നാളെ രാവിലെ ഒന്‍പതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി അധ്യക്ഷയാകും. സംസ്ഥാനത്തിന് തന്നെ മാതൃകയാകുംവിധമാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഡോക്ടര്‍മാര്‍, നായപിടുത്തക്കാര്‍ ഉള്‍പ്പെടുന്ന അന്‍പത് പേരടങ്ങുന്ന സംഘത്തിന് ഹുമണ്‍ സൈസൊറ്റി ഇന്റര്‍നാഷനലിന്റെ മേല്‍നോട്ടത്തില്‍ പരിശീലനങ്ങള്‍ നല്‍കിയിട്ടുണ്ട്.
പത്തു പേരടങ്ങുന്ന സംഘങ്ങളായിട്ടാണ് പദ്ധതിയുടെ ഭാഗമായി പ്രവൃത്തിക്കുന്നത്. അന്‍പത് നായ്ക്കളുടെ വന്ധീകരണത്തിന് ആവശ്യമായ സജ്ജീകരണങ്ങളാണ് തയാറാക്കിയിട്ടുള്ളത്. തെരുവുനായ്ക്കളെ പിടിച്ച് മൂന്നുദിവസം പരിചരണം നല്‍കി വന്ധീകരണത്തിന് ശേഷം അവയെ പിടിച്ച സ്ഥലത്ത് തന്നെ തിരിച്ച് കൊണ്ടു വിടും. ഇതിനായി പ്രത്യേകം സജ്ജമാക്കിയ വാഹനമുണ്ടാകും.
ആദ്യഘട്ടത്തില്‍ പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നീ അഞ്ചു സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. പിന്നീട് ജില്ല മുഴുവന്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
2012 ലെ ലൈവ് സ്റ്റോക്ക് സെന്‍സസ് അനുസരിച്ചുള്ള രേഖകള്‍ പ്രകാരം ഏകദേശം 7000 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. 13.5 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ അംഗങ്ങള്‍, ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ.സി. മധു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."