ഒടുവില്‍ ഒരു വര്‍ഷത്തിനു ശേഷം മഞ്ചേശ്വരത്തിന് എം.എല്‍.എ എത്തുന്നു
കാസര്‍കോട്: ഒക്‌ടോബര്‍ 24ന് ഫലപ്രഖ്യാപനം വരുന്നതോടെ മഞ്ചേശ്വരത്തിന് എം.എല്‍.എ ഉണ്ടാകും. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുകിടക്കുന്ന ഈ മണ്ഡലത്തിന് ഒരു വര്‍ഷവും നാലു ദിവസവും പിന്നിടുമ്പോഴായിരിക്കും അബ്ദുള്‍ റസാഖിന്റെ പകരക്കാരന്‍ എത്തുക.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 20 നായിരുന്നു മഞ്ചേശ്വരം എം.എല്‍.എ അബ്ദുള്‍ റസാഖ് മരിച്ചത്. എതിര്‍ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ കള്ളവോട്ട് ആരോപണമുന്നയിച്ച് നേരത്തെ ഫയല്‍ ചെയ്ത തെരഞ്ഞെടുപ്പ് കേസ് നീണ്ടുപോയതിനാല്‍ ആറു മാസത്തിനുള്ളില്‍ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതാകട്ടെ ഈ ഒക്‌ടോബര്‍ 21നും.
സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മൂന്നു മുന്നണികള്‍ക്കിടയിലും കഴിഞ്ഞ ഒരു വര്‍ഷമായി സജീവമായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ ആദ്യമായി മണ്ഡലം ഒരു ഉപതെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കൂടി നീങ്ങുകയാണ്.
കര്‍ണാടത്തിന്റെ അതിര്‍ത്തി പങ്കിടുന്ന ഈ മണ്ഡലത്തിന്റെ ചരിത്രം എക്കാലവും ശക്തമായ ത്രികോണ മത്സരത്തിന്റേതായിരുന്നു. ലീഗും സി.പി.എമ്മും ബി.ജെ.പിയുമായിരുന്നു ഗോദയില്‍.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഭാഷ ഉള്‍പ്പെടെ നിര്‍ണായകം. എന്നാല്‍ കടുത്ത മത്സരം നടന്നാലും ഉലയാത്ത മതേതര മനസിന് തന്നെയായിരുന്നു മഞ്ചേശ്വരത്ത് എക്കാലവും വിജയം.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ അബ്ദുള്‍ റസാഖ് ജയിച്ചത് 89 വോട്ടിനായിരുന്നു.
ബി.ജെ.പിയിലെ കെ.സുരേന്ദ്രനായിരുന്നു തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി. എന്നാല്‍ ഈ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിന്റെ രാഷ്ട്രീയ കോട്ടകള്‍ ശക്തമായി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍നിന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയത് 11113 വോട്ടുകളാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ക്കോടുനിന്നു മത്സരിച്ച എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുന്ദാര്‍ മഞ്ചേശ്വരത്ത് രണ്ടാമതെത്തിയിരുന്നു. ഈ രവീശ തന്ത്രി കുന്ദാറിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി നീക്കം നടത്തുന്നുണ്ട്.
ഏറെ രാഷ്ട്രീയ പ്രധാന്യമുള്ള ഉപതെരഞ്ഞെടുപ്പിനാണ് മഞ്ചേശ്വരം വേദിയാകുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് മഞ്ചേശ്വരത്ത് എത്തുന്നത്. മുസ്‌ലിം ലീഗിന്റെ മികച്ച സംഘടനാ കെട്ടുറപ്പും പഴുതടച്ച മുന്നൊരുക്കവും മഞ്ചേശ്വരത്ത് യു.ഡി.എഫിന് തുണയാകും.
സി.പി.എമ്മാണ് ഏറെ രാഷ്ട്രീയ പ്രതിസന്ധി നേരിടുക. ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകുന്ന തെരഞ്ഞെടുപ്പിനു പുറമെ കാസര്‍കോട് ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വി താല്‍ക്കാലികമാണെന്ന് വരുത്തിത്തീര്‍ക്കണമെങ്കില്‍ മഞ്ചേശ്വരത്ത് നില മെച്ചപ്പെടുത്തിയേ പറ്റൂ. സി.പി.എം അക്കൗണ്ടില്‍ വീഴുന്ന ഈ വോട്ടുകള്‍ മഞ്ചേശ്വരത്ത് നിര്‍ണായമാകും.
കഴിഞ്ഞ തവണ 89 വോട്ടിന് പരാജയപ്പെട്ട ബി.ജെ.പിക്ക് പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നില മെച്ചപ്പെടുത്താനാകുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുന്‍പ് മത്സരിച്ച കെ.സുരേന്ദ്രന്‍ ഇത്തവണ മത്സരത്തിനുണ്ടാവില്ല. പകരം കന്നഡയില്‍ കൂടി സ്വാധീനമുള്ളയാളെ സ്ഥാനാര്‍ഥിയാക്കാനാണ് ബി.ജെ.പി നീക്കം.
മൂന്നു മുന്നണികളുടെയും വിജയ പരാജയങ്ങള്‍ തീരുമാനിക്കുക സ്ഥാനാര്‍ഥി നിര്‍ണയം ആയിരിക്കും. ഇത് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക എന്നതാണ് മഞ്ചേശ്വത്ത് മുന്നണികള്‍ നേരിടുന്ന പ്രതിസന്ധിയും.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തു ജയിച്ച മുസ്‌ലിം ലീഗിലെ അബ്ദുള്‍ റസാഖിനെതിരേ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പിയുടെ കെ.സുരേന്ദ്രന്‍ നല്‍കിയ കേസ് ഈ വര്‍ഷം ജൂലൈയിലാണ് പിന്‍വലിച്ചത്. കേസില്‍ കള്ളവോട്ട് തെളിയിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞിരുന്നില്ല.
2018 ഒക്‌ടോബര്‍ 20 ന് അബ്ദുള്‍ റസാഖ് മരിച്ചുവെങ്കിലും കേസുമായി മുന്‍പോട്ട് പോകാനായിരുന്നു സുരേന്ദ്രന്റെ തീരുമാനം.
ഇതോടെയായിരുന്നു മഞ്ചേശ്വരത്ത് ഇത്രയും കാലം ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാതിരുന്നത്.
പിന്നീട് കേസ് പിന്‍വലിച്ചിരുന്നുവെങ്കിലും കേസ് ആവശ്യങ്ങള്‍ക്കായി വോട്ടിംഗ് മെഷിന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കോടതിയില്‍ എത്തിച്ചതിനു ചെലവായ തുക കോടതിയില്‍ അടയ്ക്കാത്തതു സംബന്ധിച്ചുള്ള നിയമപ്രശ്‌നങ്ങളായിരുന്നു പാലായ്ക്ക് ഒപ്പം മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പു നടക്കാതിരുന്നത്.
എന്നാലിപ്പോള്‍ പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചപ്പോള്‍ തന്നെ മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പു കാഹളം ഉയര്‍ന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."