പ്രണയം പ്രകൃതി വിപ്ലവം സമം നെരൂദ
പ്രകൃതിയിലലിഞ്ഞ് പ്രണയത്തെ പൊതിഞ്ഞ് വിപ്ലവത്തെ പുല്‍കിയ കാവ്യഹൃദയമായിരുന്നു വിശ്വമഹാകവി പബ്ലോ നെരൂദയുടേത്.
പ്രണയം അത്രമേല്‍ ഹ്രസ്വമാം,
വിസ്മൃതി എത്രയോ ദീര്‍ഘമാം.
'ഈ രാത്രിയാവുമെനിക്ക്
ഏറ്റവും ദുഃഖഭരിതമാം
വരികള്‍ എഴുതുവാന്‍,
രാത്രി ചിതറിത്തെറിച്ചുപോയ്...
ഇപ്പോഴെന്‍കൂടെയില്ലോമലാള്‍...'
'വസന്തം ചെറിമരങ്ങളെ പുഷ്പിണികളാക്കുംപോലെ, ഞാന്‍ നിന്നെയും..'
എന്നൊക്കെ നെരൂദയെഴുതുമ്പോള്‍, കേവലം കല്‍പനാസൗന്ദര്യമാവിഷ്‌കരിക്കുകയല്ല, ഈ വിശ്വമഹാകവി. സൗന്ദര്യത്തിന്റെ സ്‌ഫോടനമാണ് നെരൂദയുടെ കവിതകള്‍. അവ പാടിപ്പതിഞ്ഞ കാല്‍പനികതയുടെ ലാസ്യനൃത്തമല്ല. പ്രത്യുത, പ്രകൃതിയുടെ അനന്തവൈവിധ്യത്തിന്റെ പൊട്ടിച്ചിതറലാണ്. ഉപമകളുടെ ഉന്മാദത്തെ പരിചയപ്പെടുത്താന്‍ നെരൂദയേക്കാള്‍ ഉല്‍കൃഷ്ടരായ മറ്റാരുമില്ലെന്ന് തന്നെ പറയാം.
പ്രണയം, പ്രകൃതി
ഇരുപതാം ശതാബ്ദത്തെ തന്റെ മാന്ത്രിക വരികളാല്‍, നെരൂദ, കവിതയുടെ മത്തുപിടിപ്പിച്ചു. ആ കാവ്യവര്‍ണങ്ങളുടെ മായികതയില്‍, സഹൃദയലോകം ഹര്‍ഷപുളകിതരായി. യാതൊരു സൂചനകളുമില്ലാതെ കടന്നുവരുന്ന പെരുമഴപോലെ, നെരൂദയുടെ കിരീടംചൂടിയ വാക്കുകള്‍, വസന്തമായി പെയ്തു. ഓരോ വരികള്‍ക്കുള്ളിലും മറ്റൊരു വരി. ഓരോ വാക്കിനുള്ളിലും മറ്റൊരു വാക്ക്. അതിനുള്ളില്‍ വീണ്ടും വാക്കുകള്‍ അതിനപ്പുറത്തുള്ള വാക്കുകളുടെ നിഗൂഢ സൗന്ദര്യത്തിലേക്ക് ജാലകം തുറക്കുന്നു. അര്‍ഥത്തിന്റെയും ഭാവദീപ്തിയുടെയും ഇന്ദ്രജാലങ്ങള്‍ തീര്‍ത്ത പാബ്ലോനെരൂദ, പ്രകൃതിയെ ഒരു ഉന്മാദിനിയെപ്പോലെ സ്‌നേഹിച്ചു. സ്‌നേഹിക്കുകയും പ്രണയിക്കുകയും മാത്രമല്ല, അതൊരു ഉപാസനയായിരുന്നു. ഭൂമിയുടെ അഗാധഗര്‍ത്തങ്ങളും സമുദ്രത്തിലെ താഴ്‌വാരങ്ങളും തുടങ്ങി നെരൂദയുടെ കവിതകളില്‍ ആവിഷ്‌കരിക്കപ്പെടാത്ത പ്രകൃതിഭാഗമില്ല. പ്രകൃതിയുടെ ബഹുസ്വരഭാവങ്ങളിലൂടെ തന്റെ നാടിന്റെ ചുവന്ന സിരകളെ ത്രസിപ്പിച്ച നെരൂദ ഭൂമിയിലെ സര്‍വചരാചരങ്ങളിലും മഴയായി പെയ്തലിഞ്ഞു. സര്‍വഭൂഖണ്ഡങ്ങളെയും നെരൂദയുടെ കവിതകള്‍ വിളക്കിച്ചേര്‍ത്തു. ഭാഷയുടെ വൈവിധ്യത്തിനു മുകളിലൂടെ സമഭാവനയുടെ തൂക്കുപാലം പണിത നെരൂദ ലോകത്തിലെ സര്‍വമനുഷ്യരോടും സാഹോദര്യം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ രചനകള്‍ ഭൂമിയിലെ പീഡിതന്റെ ശബ്ദമായി മാറി. മര്‍ദകന്റെ സിംഹാസനങ്ങളോടു പടവെട്ടി രക്തസാക്ഷിത്വം വരിച്ച, മഹാനായ ഈ മനുഷ്യസ്‌നേഹിയോളം വായിക്കപ്പെട്ട മറ്റൊരു കവിയെ ആധുനികലോകം കണ്ടിട്ടില്ല. 'പ്രണയം എന്റെ ഇന്ദ്രിയങ്ങളെ പിടിച്ചുലയ്ക്കുന്നു, കാറ്റ് ഓക്കുവൃക്ഷങ്ങളെയെന്നു' പാടിയ പ്രസിദ്ധ യവനകവി സാഫോയെക്കുറിച്ച്, പ്ലേറ്റോ പറഞ്ഞത്, അവര്‍ കലയുടെ പത്താം അധിദേവത ആണെന്നാണ്. പ്ലേറ്റോ, നെരൂദയുടെ കവിതകള്‍ വായിച്ചിരുന്നെങ്കില്‍ കലയുടെ അപ്‌സരകന്യകയെ കീഴടക്കിയ ഗന്ധര്‍വനെന്നു പ്രകീര്‍ത്തിക്കുമായിരുന്നു അദ്ദേഹത്തെ.
വിപ്ലവം
അങ്ങനെ പ്രകൃതിയുടെ അപാരതയില്‍ രമിക്കുകയും പ്രകൃതിനല്‍കിയ ഹര്‍ഷാനുഭൂതി മനുഷ്യരാശിയോടുള്ള അഗാധസ്‌നേഹവും പ്രതിബദ്ധതയുമാക്കിയ പ്രതിഭയായിരുന്നു നെരൂദ. 1904 ജൂലായ് 12ന് ചിലിയിലെ സാന്റിയാഗോവിനടുത്തുള്ള പാറല്‍ നഗരത്തിലാണദ്ദേഹം ജനിച്ചത്. റിക്കാര്‍ഡോ ഇലിസര്‍ നെഫ്താലി റെയെസ് എന്നായിരുന്നു യഥാര്‍ഥ പേര്. ചിലിയില്‍ സംഭവബഹുലമായ രാഷ്ട്രീയജീവിതവുമായി ഇഴചേര്‍ന്നതായിരുന്നു നെരൂദയെന്ന വിശ്വപ്രതിഭയുടെ ജീവിതം. ജീവിതാന്ത്യം വരെ കമ്യൂണിസ്റ്റാദര്‍ശങ്ങളില്‍ അടിയുറച്ചുവിശ്വസിച്ച വിപ്ലവകവിയായിരുന്നു അദ്ദേഹം.
പരന്നുകൊ@ിരിക്കുന്ന
കാവ്യസുഗന്ധം
അംഗീകരിക്കപ്പെട്ട കവികള്‍ സാഹിത്യചരിത്രത്തില്‍ ഏറെയുണ്ടാകുമെങ്കിലും സ്‌നേഹിക്കപ്പെട്ട കവികള്‍ വിരളമാകും. എഴുതിയ എല്ലാ വരികളും സ്‌നേഹത്തെ കുറിച്ചായതിനാലാവാം ചിലിയന്‍ കവി പാബ്ലോ നെരൂദയെ ലോകം ഇത്രയധികം സ്‌നേഹിച്ചിട്ടുണ്ടാവുക. ആംഗലേയ സാഹിത്യ ചരിത്രത്തില്‍ റോബര്‍ട്ട് ഫ്രോസ്റ്റിനും ടി.എസ് ഏലിയട്ടിനുമൊപ്പം നെരൂദയുടെ പേരും സുവര്‍ണലിപികളാല്‍ എഴുതപ്പെട്ടു. അങ്ങനെ സ്വദേശമായ ചിലിയിലും ലാറ്റിന്‍ അമേരിക്കയിലും മാത്രമല്ല നിരവധി ദേശങ്ങളും ഭാഷകളും നെരൂദയുടെ കവിതകളെ ഹൃദയത്തോട് ചേര്‍ത്തുവച്ചു. ഒരു വേള ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇവിടുത്തെ പ്രകൃതിയും ജീവിതവും സംസ്‌കാരവും ആ കാവ്യഭാവനയ്ക്ക് മിഴിവേകി.
ഭാവഗീതങ്ങളായിരുന്നു നെരൂദയുടെ കവിതകളിലേറെയും. ചിന്തകളെ സ്വതന്ത്രമായി വിഹരിക്കാനുളള ഉപാധിയോടൊപ്പം തന്റെ രാഷ്ട്രീയ ആശയത്തെ പിന്തുണക്കാനുളള ശക്തമായ ആയുധമായും നെരൂദ തന്റെ കവിതകളുടെ പിന്തുണ തേടി. 1973 സെപ്റ്റംബര്‍ 23ന് പാവനമായ ആ കവിഹൃദയം നിലയ്ക്കുംവരെ, അത് രമണീയമായ പ്രപഞ്ചത്തിനും മാനവരാശിക്കും വേണ്ടി തുടിച്ചു. വസന്തത്തിലെ പൂക്കളെ നിങ്ങള്‍ക്ക് പറിച്ചെറിയാന്‍ കഴിഞ്ഞേക്കാം പക്ഷെ വസന്തത്തെ തടുക്കാനാവില്ലല്ലോ. ഋതുക്കള്‍ പലതും മാറിമറഞ്ഞെങ്കിലും നെരൂദയുടെ കാവ്യവസന്തം ഒട്ടും മങ്ങലേല്‍ക്കാതെ കൂടുതല്‍ സൗന്ദര്യവും സുഗന്ധവും പടര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."