ജില്ലയില്‍ മഹാപ്രളയത്തിന്റെ തോത് അടയാളപ്പെടുത്തി
തൃശൂര്‍: ഇക്കഴിഞ്ഞ മഹാപ്രളയത്തിന്റെ ജലനിരപ്പ് പൊതുഇടങ്ങളിലും മറ്റും രേഖപ്പെടുത്തി. വരുംതലമുറയ്ക്ക് പോലും പ്രളയദുരന്തത്തിന്റെ തീവ്രതയും വ്യാപ്തിയും മനസിലാക്കാന്‍ കഴിയണമെന്ന ലക്ഷ്യത്തോടെയാണിത്. കേരളപിറവി ദിനത്തിലാണ് പ്രളയം ബാധിച്ച സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാലയങ്ങള്‍, വീടുകള്‍, പൊതുഇടങ്ങള്‍, വൈദ്യുതി തുണൂകള്‍ തുടങ്ങിയ ഇടങ്ങളില്‍ ജലനിരപ്പും തീയതിയും അടയാളപ്പെടുത്തിയത്.
ജില്ലാതലത്തില്‍ നടന്ന പരിപാടിയുടെ ഭാഗമായി അസിസ്റ്റന്റ് കലക്ടര്‍ പ്രേംകൃഷ്ണന്‍ പെരിങ്ങാവ് അങ്കണവാടിയില്‍ ജലനിരപ്പ് രേഖപ്പെടുത്തി.
ജില്ലഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രളയം ബാധിച്ച മുഴുവന്‍ വില്ലേജ്, താലൂക്ക് ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പബ്ലിക് ലൈബ്രറികള്‍, കെ.എസ് .ഇ.ബി, വീടുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും നവംബര്‍ ഒന്നിന് പ്രളയതോത് രേഖപ്പെടുത്തി.
1924 ല്‍ ഉണ്ടായ പ്രളയത്തിന്റെ വ്യാപ്തി വ്യാപകമായി അടയാളപ്പെടുത്താനിരുന്നത് ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ തടസമായിരുന്നു. 50-100 കൊല്ലത്തിനിടെ പ്രളയം ആവര്‍ത്തിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാധ്യത കണക്കിലെടുത്താണ് ഇക്കഴിഞ്ഞ പ്രളയത്തെ സുവ്യക്തമായി രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിനായി കേരള ഫ്‌ളഡ്‌സ് 2018 എന്ന പേരിട്ട ആപ്പില്‍ പ്രളയജലത്തിന്റെ ഉയരം, ഉരുള്‍പ്പൊട്ടല്‍ എന്നിവ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് ചിത്രസഹിതം നല്‍കാന്‍ കഴിയും.
ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ലൊക്കേഷന്‍ സര്‍വിസ് ഓണ്‍ ചെയ്ത് ഇന്റര്‍നെറ്റ് കണക്ഷനുള്ള ഫോണ്‍ വഴി ആപ്പ് ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."