എം.എല്‍.എമാരെ വധിക്കുമെന്ന ഭീഷണിയുമായി മാവോവാദികളുടെ ബാനര്‍
ബെര്‍ഹാംപൂര്‍: രണ്ട് എം.എല്‍.എമാരേയും പൊലിസിന് വിവരം ചോര്‍ത്തി നല്കുന്നവരേയും കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി മാവോവാദികളുടെ ബാനര്‍. ഒഡിഷയിലെ ബെര്‍ഹാംപൂരില്‍ ഇന്നലെയാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഏത് എം.എല്‍.എമാരെയാണ് ലക്ഷ്യം വച്ചിട്ടുള്ളതെന്ന് ബാനറില്‍ പറയുന്നില്ല. എന്നാല്‍ ഗഞ്ജാം, കന്ധമാല്‍ ജില്ലയില്‍ നിന്നുള്ളവരെയാണ് ലക്ഷ്യം വക്കുന്നതെന്നും സൂചിപ്പിക്കുന്നുണ്ട്. മാവോവാദി പ്രവര്‍ത്തനത്തെക്കുറിച്ച് പൊലിസിന് വിവരം നല്കുന്നവരേയും ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍, ആരെല്ലാമാണ് പൊലിസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതെന്ന് ബാനറില്‍ പറയുന്നില്ല. ചുവന്ന തുണിയില്‍ വെളുത്ത അക്ഷരത്തില്‍ ഒഡിയ ഭാഷയിലാണ് ബാനര്‍ തയാറാക്കിയിരിക്കുന്നത്. ഗഞ്ജാം ജില്ലയില്‍ ഉയര്‍ത്തിയ ബാനര്‍ ഇന്നലെ രാവിലെയാണ് കണ്ടത്. ഗ്രാമീണര്‍ ഉടന്‍തന്നെ പൊലിസിനെ വിവരമറിയിച്ചു. എന്നാല്‍, ബാനറില്‍ ഏത് മാവോവാദി ഡിവിഷനാണെന്ന് പറയാത്ത സാഹചര്യത്തില്‍ ഇത് പരിഭ്രാന്തി സൃഷ്ടിക്കുന്നതിനായി ആരോ ഉയര്‍ത്തിയതാണെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."