ഉത്തരക്കടലാസ് ഏറ്റെടുക്കാറുണ്ടെന്ന് വി.സി പറഞ്ഞത് കള്ളം
തേഞ്ഞിപ്പലം: മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുകള്‍ സര്‍വകലാശാല ഏറ്റെടുക്കാറുണ്ടെന്ന വൈസ് ചാന്‍സലറുടെ പ്രതികരണം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് വിവിധ കോളജുകളില്‍ കെട്ടിക്കിടക്കുന്ന ഉത്തരക്കടലാസുകള്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ അഫ്‌സലുല്‍ ഉലമ ഉത്തരക്കടലാസുകള്‍ കിഴിശ്ശേരിയിലെ ആക്രിക്കടയില്‍ വില്‍പനക്കെത്തിച്ചത് വിവാദമായതോടെയാണ് കോളജുകളില്‍നിന്ന് യഥാസമയം പേപ്പറുകള്‍ മാറ്റാറുണ്ടെന്ന് വി.സി ഡോ.മുഹമ്മദ് ബഷീര്‍ സുപ്രഭാതത്തോട് പ്രതികരിച്ചത്. എന്നാല്‍ ഇത് നടക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം.
മൂല്യനിര്‍ണയം നടക്കുന്ന കോളജുകളില്‍നിന്ന് ഉത്തരക്കടലാസുകള്‍ സര്‍വകലാശാല തിരിച്ചുകൊണ്ടുപോവണമെന്നാണ് നിയമം. എന്നാല്‍ അതുണ്ടാകാത്തതിനാല്‍ ഉത്തരക്കടലാസുകള്‍ കോളജുകളില്‍ സൂക്ഷിക്കലാണ് പതിവ്.
കോളജുകളില്‍ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന ഉത്തരക്കടലാസുകള്‍ ആണ് വില്‍പന നടത്തുന്നത്. മൂല്യനിര്‍ണയ ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്ന കോളജുകളിലെല്ലാം ഉത്തരക്കടലാസുകള്‍ കൂട്ടിയിട്ടിട്ടുണ്ട്. മുഖംരക്ഷിക്കാനാണ് ഉത്തരക്കടലാസുകള്‍ ഏറ്റെടുക്കാറുണ്ടെന്ന് വി.സി പറയുന്നതെന്ന് കോളജ് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഉത്തരക്കടലാസിന്റെ പൂര്‍ണ ഉത്തരവാദിത്വം പരീക്ഷാ കണ്‍ട്രോളര്‍ക്കാണ്. സര്‍വകലാശാല അറിയാതെ അവ കോളജില്‍നിന്ന് എവിടേക്കും മാറ്റാന്‍ അനുവാദമില്ല.
സെല്‍ഫ് ഫിനാന്‍സ് കോളജുകളില്‍ വരെ മൂല്യനിര്‍ണയം നടക്കാറുണ്ട്. ഇവിടെയും ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്നുണ്ട്. യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് ഇത്തരം കോളജുകളില്‍ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്നത്.
സെന്‍ട്രല്‍ മോണിറ്റേഡ് വാല്യുവേഷന്‍ (സി.എം.സി) ചെയര്‍മാനായ അധ്യാപകനാണ് സൂക്ഷിപ്പുകാരന്‍. എന്നാല്‍ ഇവിടെനിന്നു ഇത്തരം രേഖകള്‍ കൈമാറ്റം ചെയ്യുന്നത് സര്‍വകലാശാലയുടെ മൗനാനുവാദത്തോടെയാണോ എന്നത് വ്യക്തമല്ല.
പുനര്‍മൂല്യനിര്‍ണയത്തിന്
നല്‍കുന്നത്
'തട്ടിക്കൂട്ട്' മാര്‍ക്ക്
മഞ്ചേരി: പുനര്‍മൂല്യനിര്‍ണയത്തിന് മുന്‍പ് തന്നെ ഉത്തരക്കടലാസുകള്‍ ആക്രിക്കടയില്‍ വില്‍ക്കുന്ന പ്രവണത ദോഷകരമായി ബാധിക്കുന്നത് വിദ്യാര്‍ഥികളെ. പുനര്‍മൂല്യ നിര്‍ണയത്തിന് സര്‍വകലാശാലയെ സമീപിക്കുന്ന വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് കാണാതായാല്‍ പരാതി ഇല്ലാതിരിക്കാന്‍ മാര്‍ക്കുകള്‍ വര്‍ധിപ്പിച്ച് പ്രശ്‌നം പരിഹരിക്കാറുണ്ടെന്ന് മുന്‍ സെന്‍ട്രല്‍ മോണിറ്റേഡ് വാല്യുവേഷന്‍ (സി.എം.സി) ചെയര്‍മാന്‍ കൂടിയായ അധ്യാപകന്‍ സുപ്രഭാതത്തോട് പറഞ്ഞു.മൂല്യനിര്‍ണയത്തിന് ശേഷം സര്‍വകലാശാല ഏറ്റെടുക്കാത്ത ഉത്തരക്കടലാസുകള്‍ സി.എം.സി ചെയര്‍മാന്റെ അധീനതയിലായതിനാല്‍ ഇയാള്‍ക്ക് മാര്‍ക്കുകളില്‍ മാറ്റം വരുത്താനും കഴിയും.
പിന്നീട് പുനര്‍മൂല്യനിര്‍ണയം ആവശ്യപ്പെട്ട് വിദ്യാര്‍ഥി രംഗത്തെത്തിയാല്‍ തിരുത്തിയ മാര്‍ക്ക് നേടാനും സാധിക്കും.
ഈ രീതിയില്‍ വലിയ തോതില്‍ പണം വാങ്ങി പരീക്ഷാ തട്ടിപ്പ് നടക്കുന്നതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."