പത്ത് വയസുകാരന് ക്രൂരമര്‍ദനം; അമ്മയും സുഹൃത്തായ ഡോക്ടറും പൊലിസ് പിടിയില്‍
കാക്കനാട്: പത്ത് വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ പോയ അമ്മയും സുഹൃത്തായ ഡോക്ടറും പൊലിസ് പിടിയില്‍. മൈസൂരുവിലെ ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുട്ടിയുടെ അമ്മ അടിമാലി പൊളിഞ്ഞപാലം സ്വദേശി ആശാമോള്‍ കുര്യക്കോസ് (28), സുഹൃത്ത് എറണാകുളം ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ പടമുകള്‍ പാലച്ചുവട് സൂര്യനഗര്‍ ശ്രീദര്‍ശനം വീട്ടില്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍ (33) എന്നിവരെയാണ് തൃക്കാക്കര പൊലിസ് പിടികൂടിയത്.
ഡോക്ടറുടെ ബന്ധുക്കളുടെ ഫോണ്‍കോളുകള്‍ നിരീക്ഷിച്ചാണ് പ്രതികളുടെ ഒളിത്താവളം പൊലിസ് കണ്ടെത്തിയത്. യുവതിയുടെ രണ്ടാമത്തെ വിവാഹത്തിലെ പെണ്‍കുട്ടിയെ ഡോക്ടറുടെ ബന്ധുവിന്റെ വീട്ടില്‍ പാര്‍പ്പിച്ച ശേഷം ഇരുവരും ഒളിവില്‍ പോകുകയായിരുന്നു. കുട്ടിയുടെ വിശേഷങ്ങള്‍ അറിയാന്‍ യുവതി നിരന്തരം വീട്ടിലേക്ക് വിളിച്ചിരുന്നു.
സംഭവത്തിന് ശേഷം യുവതിയും ഡോക്ടറും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ഡോക്ടറുടെയും യുവതിയുടെയും അടുത്ത ബന്ധുക്കളുടെ ഫോണുകള്‍ പൊലിസ് നിരീക്ഷിക്കുകയായിരുന്നു. മൈസൂരുവില്‍നിന്നു നിരന്തരം ഫോണ്‍കോളുകള്‍ ബന്ധുക്കളുടെ ഫോണുകളിലേക്ക് വന്നത് നിരീക്ഷിച്ച പൊലിസ് ഡോക്ടറുടെയും യുവതിയുടെയും ഒളിത്താവളം കണ്ടെത്താന്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി ശംസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ എ.എന്‍ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം മൈസൂരുവിലേക്ക് പുറപ്പെടുകയായിരുന്നു. ആഡംബര ഹോട്ടലിലെത്തിയ പൊലിസിനെ തിരിച്ചറിഞ്ഞ പ്രതികള്‍ കീഴടങ്ങുകയായിരുന്നു. പ്രതികളെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് തൃക്കാക്കര പൊലിസ് അറിയിച്ചു. കഴിഞ്ഞ മാസം 22നാണ് ഡോക്ടറുടെ വീട്ടില്‍ താമസിച്ചിരുന്ന യുവതിയുടെ ആദ്യ വിവാഹത്തിലെ ആണ്‍കുട്ടി ക്രൂര മര്‍ദനത്തിനിരയായത്. കുട്ടിയുടെ മൊഴിയെടുത്ത തൃക്കാക്കര പൊലിസ് ഡോക്ടര്‍ക്കും അമ്മയ്ക്കുമെതിരേ പോക്‌സോയും ജൂവൈനല്‍ ആക്ടും ചുമത്തി കേസെടുത്തിരുന്നു. മരടിലെ പ്രമുഖ കാര്‍ ഡീലര്‍ ഷോപ്പിലെ ഉദ്യോഗസ്ഥയായ ആശമോള്‍ കുട്ടിയുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടറുമായി അടുത്തത്. എസ്.ഐ കെ.കെ ഷബാബ്, എ.എസ്.ഐ റോയ് കെ. പുന്നൂസ്, സീനിയര്‍ പൊലിസ് ഓഫിസര്‍ സതീഷ്‌കുമാര്‍, പൊലിസ് ഓഫിസര്‍മാരായ രമേശ് കുമാര്‍, ശ്യാംകുമാര്‍, വെല്‍മ, ജയശ്രീ തുടങ്ങിയര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."