ഐ ലീഗ്: പൊരുതി വീണ് ഗോകുലം
പി.കെ മുഹമ്മദ് ഹാത്തിഫ്#
കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിക്ക് ആദ്യ തോല്‍വി. സ്വന്തം മൈതാനത്ത് കരുത്തരായ ചെന്നൈ സിറ്റി എഫ്.സിയോടാണ് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ഗോകുലം പൊരുതിവീണത്. ഒരു ഗോള്‍ ലീഡില്‍നിന്ന ശേഷമാണ് ഗോകുലം അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയത്.
ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് വിജയവും ഒരു സമനിലയും നേടി ചെന്നൈ സിറ്റി എഫ്.സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മത്സരം തുടങ്ങി രണ്ടാം മിനുട്ടില്‍ ഗോകുലം എഫ്.സി താരം അര്‍ജുന്‍ ജയരാജിന്റെ അക്രോബാറ്റിക് ഗോള്‍ശ്രമം പാഴായെങ്കിലും ഗോള്‍ശ്രമത്തിനിടെ കാസ്‌ട്രോ ഫൗള്‍ ചെയ്യപ്പെട്ടതോടെ കേരളത്തിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത അന്റോണിയോ ജര്‍മന് ലക്ഷ്യം പിഴച്ചില്ല. ഇതോടെ നാലാം മിനുട്ടില്‍ തന്നെ ഗോകുലം ഒരു ഗോളിന് മുന്നിലെത്തി. മത്സരത്തിന്റെ തുടക്കത്തില്‍ ചെന്നൈ പിറകോട്ട് പോയെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ പിന്നീട് മുന്നേറി. 12ാം മിനുട്ടില്‍ അജിത്തും 16ാം മിനുട്ടില്‍ നായകന്‍ പെഡ്രോ മാന്‍സിയും നടത്തിയ പരിശ്രമങ്ങള്‍ പാഴായെങ്കിലും 22ാം മിനുട്ടില്‍ പ്രവിറ്റോ രാജുവിലൂടെ സമനിലയിലെത്താന്‍ ചെന്നൈക്ക് സാധിച്ചു.
എന്നാല്‍ ആദ്യ മിനുട്ടില്‍നിന്ന് വ്യത്യസ്തമായി ഗോള്‍ ലക്ഷ്യമാക്കി മികച്ച പാസിങിലൂടെ കളി കൈക്കലാക്കിയ ചെന്നൈ 31ാം മിനുട്ടില്‍ പെഡ്രോ മാന്‍സിയിലൂടെ രണ്ടാം ഗോള്‍ നേടി. ഏതുനിമിഷവും ഗോകുലം ഒപ്പമെത്തുമെന്ന പ്രതീതിയുണരവെ കളിയുടെ ഗതിക്ക് വിപരീതമായി ചെന്നൈ ലീഡുയര്‍ത്തിയതോടെ ഗോകുലത്തിന് സമ്മര്‍ദം കൂടി. ഇരുടീമുകള്‍ക്കും ഗോള്‍ സാധ്യതകള്‍ തെളിഞ്ഞിരുന്നെങ്കിലും ആദ്യപകുതിയില്‍ 1-2 എന്ന നിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തോടെയെത്തിയ ഗോകുലം കേരള എഫ്.സി 49ാം മിനുട്ടില്‍ പ്രീതം സിങിന്റെ ഹെഡ്ഡറിലൂടെ ഗോളിനടുത്തെത്തിയെങ്കിലും താരത്തിന്റെ ഗോള്‍ശ്രമം പോസ്റ്റിനരികിലൂടെ പുറത്തേക്കുരുണ്ടു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചെങ്കിലും നിറം മങ്ങിയ പ്രകടനം കാഴ്ചവച്ച ജര്‍മന് പകരം 57ാം മിനുട്ടില്‍ രാജേഷ് കളത്തിലെത്തിയതോടെ ഗോകുലത്തിന്റെ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് വന്നു. എന്നാല്‍ 68ാം മിനുട്ടില്‍ ചെന്നൈ എഫ്.സിയിലെ പെഡ്രാ മാന്‍സിക്ക് പകരക്കാരനായെത്തിയ അമീറുദ്ധീന്‍ മധ്യനിരയില്‍ നിന്ന് ലഭിച്ച ത്രൂബോള്‍ വലയിലെത്തിച്ചു. എന്നാല്‍ ചെന്നൈയുടെ ഗോള്‍ ആഘോഷത്തിന്റെ ആരവം തീരുന്നതിനു മുന്‍പ് തന്നെ മലയാളി താരം സുഹൈറിലൂടെ ഗോകുലം മറുപടി നല്‍കി. നാല് താരങ്ങളെ മറികടന്നെത്തിയ സുഹൈറിന്റെ ബള്ളറ്റ് ഷോട്ടിനു മുന്‍പില്‍ ചെന്നൈ ഗോള്‍കീപ്പര്‍ നിസഹായകനാകുകയായിരുന്നു. പിന്നീട് ഫ്രീക്കിലൂടെ നായകന്‍ മൂസ ടീമിന്റെ മൂന്നാം ഗോളിനടുത്തെത്തിയെങ്കിലും പന്ത് പോസ്റ്റിലിടിച്ച് മടങ്ങി. എക്‌സ്ട്രാ ടൈമില്‍ ആക്രമണം തുടര്‍ന്നെങ്കിലും മൂന്നാം ഗോള്‍ നേടി ഒപ്പമെത്താന്‍ ഗോകുലത്തിന് സാധിച്ചില്ല. അവസാന നിമിഷം തീര്‍ത്തും അനാവശ്യമായൊരു ഫൗളിലൂടെ ലഭിച്ച ചുവപ്പ് കാര്‍ഡും വഴങ്ങിയാണ് ഗോകുലത്തിന്റെ നായകന്‍ മൂസ കളംവിട്ടത്. ചെന്നൈയുടെ അജിത് കുമാര്‍ കാമരാജാണ് മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, താരങ്ങള്‍ക്ക് യാത്രാ ക്ഷീണം കാരണമാണ് മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതെന്ന് ഗോകുലം കേരള എഫ്.സി കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."