എലിവേറ്റഡ് ഹൈവേ: പ്രതിഷേധം കനക്കുന്നു
മാനന്തവാടി: കഴിഞ്ഞ ഒന്‍പതു വര്‍ഷമായി തുടരുന്ന ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധനം മറികടക്കുന്നതിനായി കേരളവും കേന്ദ്രസര്‍ക്കാരും നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ കര്‍ണാടകയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമാക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച വനമേഖലയിലൂടെയുള്ള എലിവേറ്റഡ് ഹൈവേ (മേല്‍പ്പാലം) നിര്‍മിക്കുന്നതിനെതിരേയാണ് പ്രതിഷേധം കനക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 27ന് സംസ്ഥാന അതിര്‍ത്തിയായ മധൂറില്‍ പ്രതിഷേധ സംഗമം നടത്തിയിരുന്നു. സര്‍ക്കാര്‍ നിലപാടിനെതിരേ പ്രതിഷേധ കാംപയിനും ആരംഭിച്ചിട്ടുണ്ട്. രാത്രിയാത്ര ബേഡാ കാംപയിന്റെ ഭാഗമായി ഈമാസം 10ന് ബംഗളൂരിലും പ്രതിഷേധ സംഗമം നടത്തും. 10ന് രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ ബംഗളൂര്‍ ഫ്രീഡം പാര്‍ക്കിലാണ് സംഗമം.
കര്‍ണാടകയിലുയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിലൂടെ ഫ്‌ളൈഓവര്‍ നിര്‍മിക്കാനുള്ള നിര്‍ദേശത്തെ സര്‍ക്കാര്‍ പിന്തുണക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
പ്രളയക്കെടുതിയുണ്ടായ സാഹചര്യത്തില്‍ രാത്രിയാത്രാ നിരോധനം ആറു മാസത്തേക്ക് നീക്കം ചെയ്യാന്‍ കേരളം സുപ്രിം കോടതിയില്‍ ആവശ്യമുന്നയിക്കുകയും ഇതില്‍ കര്‍ണാടകയുടെ അഭിപ്രായമറിയിക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രകൃതി സംരക്ഷകരുടെ വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയത്.
നിരോധനം നിലനില്‍ക്കുന്ന 24.2 കിലോമീറ്റര്‍ വനഭാഗത്ത് ഓരോ കിലോമീറ്റര്‍ ദൂരം വരുന്ന അഞ്ചു മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാനും ബാക്കി ഭാഗത്ത് എട്ടു മീറ്റര്‍ ഉയരത്തില്‍ ശക്തമായ കമ്പിവേലി നിര്‍മിക്കാനുമായിരുന്നു കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം നിര്‍ദേശം മുന്നോട്ട് വച്ചത്. ഇത് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതോടൊപ്പം വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."