എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടാനുള്ള ശ്രമം വിഫലമായി
തൃക്കരിപ്പൂര്‍: പെട്രോള്‍ ബങ്ക് മാനേജരെ സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ആക്രമിച്ച് 3.16 ലക്ഷം രൂപയും എ.ടി.എം കാര്‍ഡും കൊള്ളയടിച്ച സംഭവത്തില്‍ കവര്‍ച്ച സംഘം എ.ടി.എം കൗണ്ടറിലെ സി.സി.ടി.വിയില്‍ കുടുങ്ങിയതായി സൂചന.
തൃക്കരിപ്പൂര്‍ തങ്കയം കക്കുന്നത്തെ പെട്രോള്‍ ബങ്ക് മാനേജരും റിട്ട. അധ്യാപകനുമായ കെ രാമകൃഷ്ണനെയാണ് ചൊവ്വാഴ്ച രാത്രി സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ എടാട്ടുമ്മല്‍ കുണിയന്‍ റോഡിലെ മരമില്ലിന് സമീപം ബൈക്കിടിച്ചു വീഴ്ത്തി പണവും എ.ടി.എം കാര്‍ഡും അടങ്ങുന്ന ബാഗും രാമകൃഷ്ണന് സഞ്ചരിച്ച സ്കൂട്ടറും കവര്‍ന്നത്.
സ്കൂട്ടര്‍ പിന്നീട് ചെറുവത്തൂര്‍ തിമിരി ബാങ്കിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊള്ളയടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാല്‍ സംഘം ഇതില്‍ വിജയിച്ചില്ല. എ.ടി.എം കൗണ്ടറിലെ സി.സി.ടിവിയില്‍ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതിലൂടെ കൊള്ളസംഘത്തെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. എന്നാല്‍ ഇത് പൊലിസ് നിഷേധിച്ചു. നിരവധി സി.സി ടി.വി കാമറകള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാന്‍ കഴിയുമെന്നും പൊലിസ് അറിയിച്ചു. നീലേശ്വരം സി.ഐക്കാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."