ഊര്‍ജമേഖലയില്‍ വന്‍ കുതിച്ചുചാട്ടം: പവര്‍ ഹൈവേയില്‍ ട്രയല്‍ റണ്‍ തുടങ്ങി
#ബാസിത് ഹസന്‍
തൊടുപുഴ: സംസ്ഥാനത്തിന്റെ ഊര്‍ജമേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന പവര്‍ ഹൈവേ (തിരുനെല്‍വേലി - കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍)യില്‍ ട്രയല്‍ റണ്‍ തുടങ്ങി. ഇന്നലെ വൈകിട്ട് 4.46 ഓടെയാണ് രണ്ട് ലൈനില്‍ ഒന്നിലൂടെ വൈദ്യുതി കടത്തിവിട്ടത്. രണ്ടാം ലൈന്‍ ഇന്ന് ചാര്‍ജ് ചെയ്യും.
ഇതോടെ 500 മെഗാവാട്ട് വൈദ്യുതി നിലയത്തിന്റെ പ്രയോജനമാണ് സംസ്ഥാനത്തിന് ലഭിക്കുക.
രണ്ടുദിവസത്തിനകം വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ ഉടമസ്ഥതയിലാണ് 400 കെ.വി എക്‌സ്ട്രാ ഹൈ വോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍ ലൈന്‍. ഉടന്‍ തന്നെ ലൈന്‍ കെ.എസ്.ഇ.ബിക്ക് കൈമാറും. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് തടസമാണ്. ഇനി തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍ നിന്നടക്കം തടസമില്ലാതെ 84 ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി പ്രതിദിനം എത്തിക്കാന്‍ കഴിയും.
പ്രസരണനഷ്ടം കുറയ്ക്കാന്‍ കഴിയുമെന്നതും വന്‍ നേട്ടമാണ്. നിലവില്‍ സതേണ്‍ ഗ്രിഡില്‍നിന്ന് 2850 മെഗാവാട്ട് വരെ എത്തിക്കാനുള്ള ശേഷിയാണുള്ളത്. നാലു ലക്ഷം വോള്‍ട്ട് വൈദ്യുതിയാണ് ലൈനിലൂടെ പ്രവഹിക്കാന്‍ പോകുന്നത്.
പുതിയ ലൈന്‍ സംസ്ഥാനത്തിന്റെ വ്യവസായ മേഖലയ്ക്ക് വന്‍ഗുണം ചെയ്യും. വോള്‍ട്ടേജ് വ്യതിയാനമില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി വിതരണം ചെയ്യാമെന്നതാണ് നേട്ടം. നിലവില്‍ കൊച്ചിയില്‍ കേന്ദ്ര പൂള്‍, പവര്‍ എക്‌സ്‌ചേഞ്ച് വൈദ്യുതി എത്തുന്നത് 524 കി.മീ ദൂരമുള്ള തിരുനെല്‍വേലി, ഉദുമല്‍പേട്ട, പാലക്കാട്, തൃശൂര്‍ വഴിയാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലകളിലൂടെയാണ് ലൈന്‍ കടന്നുപോകുന്നത്.
കഴിഞ്ഞ ഡിസംബറില്‍ പദ്ധതിയുടെ നിര്‍മാണം 99 ശതമാനവും പൂര്‍ത്തിയായിരുന്നു. എറണാകുളത്തെ വജ്ര വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 644 മീറ്റര്‍ ലൈനിലും 291 ാം നമ്പര്‍ ടവറിലും കുടുങ്ങി പവര്‍ ഹൈവേ അനിശ്ചിതത്വത്തിലായിരുന്നു. കോട്ടയം ജില്ലയിലൂടെയാണ് കൂടുതല്‍ ദൂരം ലൈന്‍ കടന്നുപോകുന്നത്, 51 കിലോമീറ്റര്‍. പത്തനംതിട്ടയിലൂടെ 47 കിലോമീറ്ററും കൊല്ലം ജില്ലയിലൂടെ 22 കിലോമീറ്ററും എറണാകുളം ജില്ലയിലൂടെ 28 കിലോമീറ്ററും ലൈന്‍ കടന്നുപോകുന്നുണ്ട്.
മൊത്തം 447 ടവറുകളാണുള്ളത്. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ലൈന്‍ വലിക്കുന്ന ജോലികള്‍ വര്‍ഷങ്ങളോളം മുടങ്ങിയിരുന്നു.
കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ നഷ്ടപരിഹാര പാക്കേജ് ആകര്‍ഷണീയമാക്കിയതോടെ സമരം കെട്ടടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."