ഫണ്ടുണ്ട്; പദ്ധതിയില്ല
ജില്ലയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലൂടെ സാധ്യമാക്കാന്‍ ഉദ്ദേശിച്ചതായിരുന്നു തെരുവുനായ നിയന്ത്രണ പരിപാടി. എന്നാല്‍ പദ്ധതി നടപ്പാക്കി വര്‍ഷം രണ്ടുകഴിഞ്ഞിട്ടും കൊട്ടിഘോഷിക്കപ്പെട്ട തെരുവുനായ നിയന്ത്രണ പരിപാടി കാസര്‍കോട് ബ്ലോക്കില്‍ മാത്രമായി ഒതുങ്ങി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു പദ്ധതി തുക പിരിച്ചെടുത്താണ് പദ്ധതി നടപ്പാക്കാനൊരുങ്ങിയത്. എന്നാല്‍ 1.19 കോടി രൂപ ചെലവു കഴിഞ്ഞ് ബാക്കി 62.09 ലക്ഷം രൂപ ഇപ്പോഴും അക്കൗണ്ടില്‍ ബാക്കി കിടക്കുകയാണ്.
തെരുവുനായകളെ പിടികൂടി വന്ധ്യംകരണ കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരിച്ച്, പെറ്റുപെരുകുന്നത് തടയുകയെന്നതായിരുന്നു ഉദ്ദേശം. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കെട്ടിടം കണ്ടെത്തി പദ്ധതി നടപ്പാക്കിയെങ്കിലും മറ്റുബ്ലോക്ക് പഞ്ചായത്തുകളായ കാഞ്ഞങ്ങാട്, പരപ്പ, മഞ്ചേശ്വരം, കാറഡുക്ക എന്നിവിടങ്ങളില്‍ പദ്ധതിക്കായി കെട്ടിടം പോലും കണ്ടെത്താനായില്ല.
നീലേശ്വരം ബ്ലോക്കിനകത്ത് തൃക്കരിപ്പൂരില്‍ കെട്ടിടം അവസാനമിനുക്കു പണിയിലാണ്. ഫണ്ട് ലഭ്യമായിട്ടും പദ്ധതി പരിമിതപ്പെട്ടുപോകുന്നതിനെ കുറിച്ച് ആര്‍ക്കും വേവലാതിയില്ലെന്നതാണ് വസ്തുത.
നീലേശ്വരത്തും കാസര്‍കോടുമൊഴിച്ച് മറ്റുബ്ലോക്കുകളില്‍ ഇതുമായി ബന്ധപ്പെട്ട അനുബന്ധ പ്രവൃത്തികള്‍ പോലും നടത്തിയിട്ടില്ല. കാസര്‍കോട് ബ്ലോക്കിനകത്താണ് പദ്ധതി നടപ്പാക്കിയതെങ്കിലും ജില്ലയുടെ വിവിധ മേഖലകളില്‍നിന്നു തെരുവുനായകളെ പിടികൂടി ഇവിടെയെത്തിച്ച് വന്ധ്യംകരണം നടത്തുന്നുണ്ട്.
പദ്ധതി വിജയകരമായി കാസര്‍കോട് ബ്ലോക്കിനകത്ത് മുന്നേറുമ്പോഴാണ് മറ്റു ബ്ലോക്കുകളുടെ മുഖം തിരിച്ചുനില്‍പ്പ്. ഓരോ ബ്ലോക്കിനകത്തും പദ്ധതി നടപ്പായിരുന്നുവെങ്കില്‍ രണ്ടുവര്‍ഷത്തിനകം തെരുവുനായ വന്ധ്യംകരണത്തില്‍ വലിയ മുന്നേറ്റം ജില്ലയ്ക്ക് ഉണ്ടാകുമായിരുന്നു.
പരപ്പ ബ്ലോക്കിനകത്ത് നര്‍ക്കിലക്കാട് സ്ഥലവും കെട്ടിടവും കണ്ടെത്താന്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പദ്ധതി നടപ്പാക്കാന്‍ തടസമായി നില്‍ക്കുന്നത് ഉചിതമായ സ്ഥലവും കെട്ടിടവും കിട്ടാത്തതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പറയുന്നു.
എന്നാല്‍ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും അനാസ്ഥയും മറ്റൊരു കാരണമായും പറയുന്നുണ്ട്. 2016-18 വര്‍ഷത്തെ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പദ്ധതി നടപ്പാക്കുന്നതിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."