ജീവനം പദ്ധതിക്കെതിരായ മര്‍ച്ചന്റ് അസോസിയേഷന്റെ പ്രതികരണം രാഷ്ട്രീയ വിധേയത്വം മൂലം: ചെയര്‍മാന്‍
പെരിന്തല്‍മണ്ണ: 'ജീവനം' ശുചിത്വ പദ്ധതിയിലെ മാലിന്യനിര്‍മാര്‍ജന രീതിക്കെതിരേ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ദുര്‍ബലമായപ്പോള്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അവരെ പിന്തുണക്കുംവിധം നഗരസഭക്കെതിരേ നടത്തിയ പ്രസ്താവനകള്‍ യു.ഡി.എഫിനോടുള്ള രാഷ്ട്രീയ വിധേയത്തം മൂലമാണെന്ന് ചെയര്‍മാന്‍ എം. മുഹമ്മദ് സലീം. മാലിന്യശേഖരണ വിഷയവുമായി ഉടലെടുത്ത പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പായ ശേഷവും പ്രതിപക്ഷത്തിന് വക്കാലത്ത് പിടിക്കുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
സ്വയം സംസ്‌കരിക്കാന്‍ മാര്‍ഗങ്ങള്‍ ഇല്ലാത്തവര്‍ക്ക് നഗരസഭ ഏര്‍പ്പെടുത്തുന്ന കുടുംബശ്രീ ഏജന്‍സി വഴി സര്‍ക്കാര്‍ മാര്‍ഗരേഖ പ്രകാരമുള്ള ഫീസ് നല്‍കി മാലിന്യം നല്‍കാം.
വിഷയവുമായി ബന്ധപ്പെട്ട് നഗരത്തിലെ രണ്ടു വ്യാപാര സംഘടനകള്‍ പരാതി ഉന്നയിച്ചപ്പോള്‍ അവരുമായി നഗരസഭാ ചെയര്‍മാന്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ചര്‍ച്ചകള്‍ക്കൊടുവില്‍ വരുന്ന ഒരു മാസം കൂടി വ്യാപാരികളുടെ സാന്നിധ്യത്തില്‍ മാലിന്യം തൂക്കി തിട്ടപ്പെടുത്തി അളവിനുസരിച്ചുള്ള തുക ഈടാക്കാമെന്ന ധാരണയിലെത്തിയതുമാണ്. ഇങ്ങനെ ഒത്തുതീര്‍പ്പിലെത്തിയ ഒരു വിഷയത്തില്‍ അനാവശ്യ വിവാദങ്ങളുണ്ടാകുന്ന മര്‍ച്ചന്റ് അസോസിയേഷന്‍ ആരുടേയോ രാഷ്ട്രീയ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."