കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
കൊളച്ചേരി: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പി ഫൗസിയ രാജിവെച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെയാണ് മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് നേതാക്കളുടെ സാന്നദ്ധ്യത്തില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ബി ഷംസുദ്ധീന് മുമ്പാകെ രാജി സമര്‍പ്പിച്ചത്.
പതിനൊന്നാം വാര്‍ഡായ നൂഞ്ഞേരിയില്‍ നിന്നാണ് ജനപ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടത്. രണ്ട് മാസം മുന്‍പ് തന്നെ മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിക്ക് മുന്‍പാകെ ഫൗസിയ രാജി സന്നദ്ധത അറിയിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതില്‍ പ്രയാസമുണ്ടെന്നാണ് പാര്‍ട്ടിയെ അറിയിച്ചത്.
ഇതിനിടെ ഉംറ നിര്‍വ്വഹിക്കുന്നതിനായി പ്രസിഡന്റ് അവധിയില്‍ പ്രവേശിച്ചിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഉംറ കഴിഞ്ഞു തിരിച്ചു വന്നത്. രാജി പിന്‍വലിക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യം നിരസിച്ചതോടെ രാജി സ്വീകരിക്കാന്‍ മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയും പിന്നീട് യു.ഡി.എഫും തീരുമാനിക്കുകയായിരുന്നു. ഒന്നാം വാര്‍ഡില്‍ നിന്ന് ജയിച്ച കെ.താഹിറയെയാണ് പുതിയ പ്രസിഡണ്ടായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്‌ഠേന തീരുമാനിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം കൊളച്ചേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയി സേവനം ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ജില്ലയിലെ മികച്ച സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയും താഹിറ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. 2014-15 വര്‍ഷത്തെ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ പഞ്ചായത്താണ് കൊളച്ചേരി. മുസ്‌ലിം ലീഗ് എട്ട്, കോണ്‍ഗ്രസ് മൂന്ന്, സി.പി.എം നാല്, സി.പി.ഐ ഒന്ന്, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."