കണക്കെടുപ്പ്: അറബി അധ്യാപകരെ ഒഴിവാക്കിയത് റദ്ദാക്കണമെന്ന് കെ.എ.ടി.എഫ്
കോഴിക്കോട്: കേരളത്തിലെ അധ്യാപക സ്ഥിതിവിവരണ കണക്കെടുപ്പില്‍നിന്ന് എല്‍.പി സ്‌കൂളുകളിലെ അറബി അധ്യാപകരെ ഒഴിവാക്കിയ നടപടി റദ്ദാക്കണമെന്ന് കെ.എ.ടി.എഫ് ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ കഴിഞ്ഞ ഓഗസ്റ്റ് 13ന് ഇറക്കിയ കത്തിനോടൊപ്പമുള്ള പെര്‍ഫോര്‍മയിലാണ് പ്രൈമറി വിഭാഗത്തിലെ അറബി അധ്യാപകരെ ഒഴിവാക്കിയതായി പറയുന്നത്. അതേസമയം കന്നട, തമിഴ്, സംസ്‌കൃതം ഭാഷ അധ്യാപകരെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. അറബി അധ്യാപകരെ വിട്ടുപോയത് ശ്രദ്ധയില്‍പെട്ടില്ല എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഡയരക്ടറുടെ കാര്യാലയത്തില്‍നിന്ന് ഒരു ലെറ്റര്‍ സെക്ഷന്‍ തയാറാക്കിയാല്‍ എ.ഡി.പി.ഐ, ഡി.ജി.ഇ എന്നിവര്‍ കണ്ട് കരടിന് അനുമതി ലഭിച്ചതിന് ശേഷമാണ് ഫെയര്‍ കോപ്പി ഇറക്കുക. ഈ ഘട്ടത്തില്‍ ഒരിക്കലും അറബി അധ്യാപകരെ വിട്ടുപോയത് ശ്രദ്ധയില്‍ പെട്ടില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല.
ഇതിന്റെ പിന്നിലെ ഉദ്ദേശ്യം സംശയാസ്പദമാണ്. നിര്‍ദിഷ്ട പെര്‍ഫോര്‍മ അടിയന്തരമായി പിന്‍വലിച്ച് അറബി അധ്യാപകരെ കൂടി ഉള്‍പ്പെടുത്തി പുതിയ പെര്‍ഫോര്‍മ ഇറക്കണമെന്ന് കെ.എ.ടി.എഫ് പ്രസിഡന്റ് ഇബ്രാഹിം മുതൂര്‍ ഡി.ജി.ഇക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."