എന്നു തുറക്കും ഈ ലൈബ്രറി
ആലക്കോട്: മണക്കടവില്‍ നിര്‍മിച്ച പഞ്ചായത്ത് ലൈബ്രറി കെട്ടിടത്തില്‍ നിന്ന് എപ്പോള്‍ പുസ്തകം വായിക്കാന്‍ സാധിക്കുമെന്നാണ് പ്രദേശവാസികളുടെ ചോദ്യം. നിര്‍മാണം പൂര്‍ത്തിയായി 16 വര്‍ഷം കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്ത ലൈബ്രറിയുടെ വാതിലുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞു കിടക്കുകയാണ്. സാംസ്കാരിക രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്കിയ മണക്കടവില്‍ ലൈബ്രറി എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണത്തിനായി 35 വര്‍ഷം മുമ്പാണ് ഇവിടെയുണ്ടായിരുന്ന ലൈബ്രറി പൊളിച്ചുമാറ്റിയത്. അന്ന് കോംപ്ലക്സില്‍ ലൈബ്രറിക്കായി ഒരു മുറി നീക്കിവയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും അത് പാഴ്വാക്കായി. ലൈബ്രറി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിന്റെ ഫലമായി 2000-01 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി മണക്കടവിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയാണ് ലൈബ്രറിയും കംഫര്‍ട്ട് സ്റ്റേഷനും ബസ് കാത്തിരിപ്പ് കേന്ദ്രവുമടങ്ങുന്ന കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ അധികൃതര്‍ തയാറായില്ല. പുസ്തകങ്ങളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായി വര്‍ഷാവര്‍ഷം ഫണ്ട് മാറ്റിവയ്ക്കാറുണ്ടെങ്കിലും ഒന്നും ഇവിടെ എത്തിയിട്ടില്ല.
സമരങ്ങളുടെ ഫലമായി ഒരു വര്‍ഷം മുമ്പ് കംഫര്‍ട്ട് സ്റ്റേഷന് തുറന്നു കൊടുത്തെങ്കിലും ലൈബ്രറി ഉദ്ഘാടനം നടത്താന്‍ അധികൃതര്‍ തയാറായില്ല. ശ്രീപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ പ്രദേശത്തെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ലൈബ്രറി അടിയന്തരമായി ഉദ്ഘാടനം ചെയ്യാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."