പഞ്ചായത്തിന്റെ അനാസ്ഥയില്‍ വെള്ളത്തിലാകുന്നത് ലക്ഷങ്ങള്‍
ചെറുപുഴ: ചെറുപുഴ ചെക്ക് ഡാം പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ പഞ്ചായത്തിന്റെ അനാസ്ഥയില്‍ നഷ്ടമാകുന്നു. ഇവിടെ കൂട്ടിയിരിക്കുന്ന ഉരുപ്പ് മരങ്ങള്‍ പുഴയില്‍ വെള്ളം പൊങ്ങിയാല്‍ ഒലിച്ചുപോവുക പതിവാണ്. ചെക്ക് ഡാം നിര്‍മാണ സമയത്ത് പാര്‍ശ്വഭിത്തി കെട്ടുന്നതിനായി പുഴയരികിലെ മരങ്ങള്‍ മുറിച്ചുനീക്കിയിരുന്നു. ഇവയാണ് പുഴയോരത്ത് കഷ്ണങ്ങളാക്കി കൂട്ടിയിട്ടിരിക്കുന്നത്. കുറഞ്ഞത് അരലക്ഷം രൂപയെങ്കിലും വിലവരുന്ന ഒരു കൂറ്റന്‍ പ്ലാവ് കഴിഞ്ഞ മഴക്കാലത്ത് ഒഴുകിപ്പോയിരുന്നു. വനം വകുപ്പിന്റെ അനുമതി വാങ്ങി ഇവയുടെ വില നിശ്ചയിച്ച് ലേലം ചെയ്യുകയാണ് വേണ്ടതെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇവയൊക്കെ അവഗണിക്കുകയാണ്. പുഴയില്‍ വീണുകിടക്കുന്ന മരങ്ങളും മറ്റ് കഷ്ണങ്ങളും ലേലം ചെയ്താല്‍ നല്ലൊരു തുക പഞ്ചായത്തിന് ലഭിക്കുമെങ്കിലും ഇതിനോട് മുഖം തിരിക്കുകയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."