സഊദിയില്‍ വിദേശ നിക്ഷേപകര്‍ക്ക് ആശുപത്രികള്‍ നടത്താന്‍ രാജാവിന്റെ അനുമതി
റിയാദ്: കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആശുപത്രികളും ക്ലിനിക്കുകളും നടത്താന്‍ വിദേശികള്‍ക്ക് പൂര്‍ണ്ണാധികാരം നല്‍കി സഊദി രാജാവ് ഉത്തരവിറക്കി. വിദേശികള്‍ ആശുപത്രിയുമായി രംഗത്തെത്തുന്നതോടെ ഈ മേഖലയില്‍ വന്‍ നിക്ഷേപമാണ് സഊദി ലക്ഷ്യമിടുന്നത്. ആശുപത്രികളില്‍ വിദേശികള്‍ക്കുള്ള അധികാരങ്ങളെ സംബന്ധിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തു വിടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ 11 ന് മന്ത്രിസഭയുടെ വിദഗ്ധ സമിതി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമാവലിയില്‍ കാതലായ ഭേദഗതി വരുത്തണമെന്ന് അഭ്യര്‍ഥിച്ച് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചാണ് രാജാവ് ഉത്തരവിറക്കിയത്. ആരോഗ്യ മേഖലയില്‍ മികച്ച നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് റിയാദില്‍ സമാപിച്ച ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിലും പ്രഖ്യാപനമുണ്ടായിരുന്നു. അതേസമയം, മെഡിക്കല്‍ ക്ലിനിക്കുകള്‍ നടത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും സ്വദേശികളായ ഡോക്ടര്‍മാര്‍ക്ക് മാത്രമേ അനുവാദമുണ്ടായിരിക്കൂ എന്നും രാജവിജ്ഞാപനത്തില്‍ വിശദമാക്കി.ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികള്‍ക്ക് മാത്രമാണ് ക്ലിനിക് ഉടമപ്പെടുത്താന്‍ അനുമതി ലഭിക്കുക. ക്ലിനിക്കില്‍ ജോലി ചെയ്യുന്നതിനും ഫുള്‍ ടൈം വ്യവസ്ഥയില്‍ സ്വദേശി ഡോക്ടര്‍മാരെ നിയമിക്കേണ്ടതുണ്ട്. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിലാണ് തീരുമാനം കൈകൊണ്ട് സഊദി രാജാവ് തന്നെ വിക്ജ്ഞാപനം പുറപ്പെടുവിച്ചത്. രാജവിജ്ഞാപനം പുറത്തു വന്നതോടെ, ആഗോള തലത്തില്‍ തന്നെ പ്രശസ്തമായ കമ്പനികള്‍ സൗദി അറേബ്യയിലേക്ക് ഒഴുകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."