ഇംപീച്ച്‌മെന്റ് നേരിടുന്ന ഡൊണാള്‍ഡ് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് (കുറ്റവിചാരണ നടപടിക്ക്) ഡെമോക്രാറ്റിക് പാര്‍ട്ടി അങ്കം കുറിച്ചിരിക്കയാണ്. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പതിനാല് മാസം ബാക്കിനില്‍ക്കെ ഇത്തരമൊരു നീക്കം പ്രസിഡന്റ്സ്ഥാനത്തേക്ക് രണ്ടാമതൊരു അങ്കത്തിന് കച്ചമുറുക്കിക്കൊണ്ടിരിക്കുന്ന ട്രംപിന് വലിയൊരു തിരിച്ചടിയാകും.
ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ജനപ്രതിനിധി സഭാ സ്പീക്കറുമായ നാന്‍സി പെലൊസി വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടതോടെ പതിവ് പരിഹാസ പരാമര്‍ശങ്ങളാണ് പ്രതികരണമായി ട്രംപില്‍ നിന്നു പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ പരിഹസിക്കുക എന്നത് ട്രംപിന് ജന്മസിദ്ധമാണെന്നു തോന്നുന്നു. ആര്‍ക്കെങ്കിലും ലോകോത്തര പുരസ്‌കാരം ലഭിച്ചാല്‍ അവരെ കളിയാക്കുക എന്നത് അദ്ദേഹത്തിന്റെ പതിവാണ്. യസീദി വനിതകള്‍ക്ക് വേണ്ടി പോരാടിയതിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ നാദിയ മുറാദിനെ ട്രംപ് പരിഹസിച്ചിട്ടുണ്ട്. അദ്ദേഹത്തെ കാണാനെത്തിയ നാദിയ മുറാദിനോട് എന്തിനാണ് നിങ്ങള്‍ക്ക് നൊബേല്‍ സമ്മാനം കിട്ടിയതെന്ന് വരെ ചോദിച്ചു കളഞ്ഞു ഈ അമേരിക്കന്‍ പ്രസിഡന്റ്. അമേരിക്കന്‍ ജനതയെ നാണം കെടുത്തുന്ന പ്രസിഡന്റു കൂടിയാണദ്ദേഹം. മാത്രമല്ല തനിക്കെന്താണ് നൊബേല്‍ പ്രൈസ് ലഭിക്കാത്തതെന്ന് അദ്ദേഹം ഇടക്കിടെ പരിതപിക്കുകയും ചെയ്യുന്നു.
ഈ അസ്വസ്ഥത കഴിഞ്ഞ ദിവസവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ലോക രാഷ്ട്ര നേതാക്കള്‍ പുലര്‍ത്തുന്ന നിസ്സംഗതക്കെതിരേ സ്വീഡനിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഗ്രേറ്റ തന്‍ബര്‍ഗ് തിരി കൊളുത്തിയ ആഗോളതല പ്രക്ഷോഭ സമരം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും നേടിയെടുക്കുന്നതായിരുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് യു.എന്‍ നടത്തിയ ഉച്ചകോടിയില്‍ പങ്കെടുത്തു കൊണ്ട് ഗ്രേറ്റ നടത്തിയ പ്രസംഗവും ട്രംപിനെ ചൊടിപ്പിക്കുകയുണ്ടായി. ഇവിടെയും അദ്ദേഹം പെണ്‍കുട്ടിക്കെതിരേ തന്റെ സ്വതസിദ്ധ സ്വഭാവമായ പരിഹാസ അമ്പ് എയ്ത്‌വിടാന്‍ മറന്നതുമില്ല. എന്റെ സ്വപ്നങ്ങളും ബാല്യവും നിങ്ങള്‍ തകര്‍ത്തുവെന്ന തുടക്കത്തോടെ ആരംഭിച്ച ഗ്രേറ്റയുടെ പ്രസംഗം ലോകമെങ്ങും തരംഗമാവുകയായിരുന്നു. പാരിസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടി ബഹിഷ്‌കരിച്ച കോര്‍പ്പറേറ്റ് ഭീമന്‍ കൂടിയായ ട്രംപിനെ തരംഗമായി മാറിയ ഗ്രേറ്റയുടെ പ്രസംഗവും ചൊടിപ്പിച്ചിരിക്കാം. അതുകൊണ്ടാണ് ഈ പ്രാവശ്യത്തെ സമാധാന നൊബേല്‍ സമ്മാനത്തിന് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഗ്രേറ്റയെ പരിഗണിക്കുന്ന വിവരമറിഞ്ഞ് ട്രംപ് അസ്വസ്ഥനാകുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തനിക്കെതിരേയുള്ള പ്രചാരണങ്ങള്‍ക്ക് മറുപടിയെന്നോണവും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന പ്രതിഛായ തിരികെ പിടിക്കാനുമാണ് അദ്ദേഹം ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി സമ്മേളനത്തില്‍ പങ്കെടുത്തത്. കടുത്ത വംശീയ വാദിയായ ട്രംപിന് ഈ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. അമേരിക്കയിലെ ഇന്ത്യക്കാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കുന്ന സ്വീകരണത്തില്‍ ട്രംപിന് എന്ത് കാര്യം. കുടിയേറ്റക്കാര്‍ അമേരിക്ക വിട്ട് പോകണമെന്നത് ട്രംപിന്റെ പ്രഖ്യാപിത നയമായിരിക്കെ പ്രത്യേകിച്ചും ഹൂസ്റ്റണ്‍ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തത് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ തട്ടിയെടുക്കാന്‍ വേണ്ടി മാത്രമാണ്. ഹൗഡി മോഡി ഉത്സവം കൊണ്ട് ഇന്ത്യക്ക് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടായോ അതൊട്ടു ഉണ്ടായതുമില്ല. ഹൗഡി മോഡി സമ്മേളനം ട്രംപ് മോദിയെ ഉപയോഗപ്പെടുത്തി അദ്ദേഹത്തിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനമാക്കി മാറ്റുകയായിരുന്നു. ഇതിനായി മോദിയെ വാനോളം പുകഴ്ത്തുവാന്‍ ട്രംപ് ഒട്ടും പിശുക്ക് കാണിച്ചതുമില്ല. എന്നാല്‍ ഉല്‍പാദന കയറ്റുമതി മേഖലയില്‍ ഇന്ത്യക്ക് അനുഗുണമായി തീര്‍ന്നേക്കാവുന്ന ഒരൊറ്റ തീരുമാനവും ഈ മാമാങ്കത്തെ തുടര്‍ന്നു ഉണ്ടായതുമില്ല. ഉഭയകക്ഷി സ്വതന്ത്രവ്യാപാര കരാറിനുള്ള (എഫ്.ടി.എ) ചര്‍ച്ച വേഗത്തിലാക്കുമെന്നോ നികുതി രഹിത ഇറക്കുമതി അനുവദിക്കുന്ന കരാര്‍ (ജി.എസ്.പി പിന്‍വലിക്കുമെന്നോ സൂചിപ്പിക്കാന്‍ പോലും ട്രംപ് തയ്യാറായില്ല.
വംശീയാധിക്ഷേപങ്ങളാലും പ്രമുഖരെ പരിഹസിക്കുന്ന നിലപാടുകളാലും അമേരിക്കയെ ലോകത്തിന്റെ മുന്നില്‍ നാണം കെടുത്തുന്ന നടപടികളാലും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ട്രംപിന് പ്രഹരം തന്നെയാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഇംപീച്ച് നടപടികള്‍ക്കുള്ള നീക്കങ്ങള്‍. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡനെ പൊതുസമൂഹത്തിന് മുന്നില്‍ ഇകഴ്ത്തി കാണിക്കാന്‍ യുക്രെയന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ മേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തിയെന്നാണ് അദ്ദേഹത്തിനു മേല്‍ ഇംപീച്ച്‌മെന്റിന് കാരണമായ കുറ്റാരോപണം: ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ക്ക് മേധാവിത്തമുള്ള വിവിധ അന്വേഷണസമിതികള്‍ ട്രംപിനെതിരേയുള്ള പല തരത്തിലുള്ള ആരോപണങ്ങള്‍ ഇപ്പോള്‍ തന്നെ അന്വേഷിച്ച് വരുന്നുണ്ട്. ഇതിലെല്ലാം ട്രംപിനെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികളായിരിക്കും ആരംഭിക്കുക: ട്രംപിന്റെ പാര്‍ട്ടിയായ റിപബ്ലിക്ക് പാര്‍ട്ടിക്ക് പോലും പിന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്താനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."