മുഖ്യമന്ത്രിയുടെ 26000 കത്തുകള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി
പാലക്കാട്: നവകേരള സൃഷ്ടിക്കായി വിദ്യാര്‍ഥികളില്‍നിന്ന് അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ 26,000 കത്തുകളും നെയിംസ്ലിപ്പുകളും ജില്ലയിലെ ഗവ-എയ്ഡഡ് സ്‌കൂളുകളില്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി കുട്ടികള്‍ക്ക് കത്തെഴുതിയത്. മുഖ്യമന്ത്രി വിഭാവനം ചെയ്യുന്ന തരത്തിലുള്ള നവകേരളം സൃഷ്ടിക്കുന്നതിനുള്ള മികച്ച ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ നല്‍കണമെന്ന് കെ.ഡി. പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുഴല്‍മന്ദം സി.എ.എച്ച്.എസ്.എസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
നവകേരളമിഷന്റെ ഭാഗമായി നടപ്പാക്കുന്ന ആര്‍ദ്രം, ഹരിതകേരളം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയെല്ലാം പരസ്പരപൂരകങ്ങളാണ്. സര്‍ക്കാരിന് ഈ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ വിദ്യാര്‍ഥികളുടെ സഹകരണം അനിവാര്യമാണ്. വിദ്യാര്‍ഥികള്‍ മുതിര്‍ന്നവര്‍ക്ക് മാതൃകയാവുന്ന തരത്തില്‍ പ്രവര്‍ത്തിക്കണമെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയായി. കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആര്‍. രോഹിണി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. കൃഷ്ണകുമാര്‍, പ്രധാനാധ്യാപിക എസ്. രാജി, എസ്.എസ്.എ പ്രൊജക്റ്റ് ഓഫിസര്‍ പി. കൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് കെ. ശിവരാമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.പി. സുലഭകുമാരി പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പരിപാടിയുടെ ഏകോപനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."