ഇടക്കാല തെരഞ്ഞെടുപ്പ്: യു.എസ് ഇന്ന് പോളിങ് ബൂത്തിലേക്ക്
വാഷിങ്ടണ്‍: രണ്ട് വര്‍ഷത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണ വിലയിരുത്തലാവുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന്. 435 പ്രതിനിധിസഭ, സെനറ്റിലെ 35 സീറ്റ്, 39 ഗവര്‍ണര്‍മാരെയുമാണ് വോട്ടെടുപ്പിലൂടെ തീരുമാനിക്കുക. നിലവില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് പ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷമെങ്കിലും ഇത് നിലനിര്‍ത്തുകയെന്നുള്ളത് അവര്‍ക്കുള്ള ഭീഷണിയാണ്.
പ്രതിനിധിസഭയില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നാണ് സി.ബി.എസ് ന്യൂസിന്റെ സര്‍വേഫലം. 225 സീറ്റുകള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഭൂരിപക്ഷത്തിന് 218 സീറ്റുകളാണ് ആവശ്യമുള്ളത്. നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 241ഉം ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് 194 അംഗങ്ങളുമാണുള്ളത്. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിത്. ചരിത്രത്തിലാദ്യമായി മുസ്‌ലിം വനിതകള്‍ കോണ്‍ഗ്രസ് അംഗമാകാനും സാധ്യതയുണ്ട്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പിന്തുണയിലാണ് ഇല്‍ ഉമറും റാലിദ താലിബും വിധി തേടുന്നത്. മലയാളിയായ പ്രമീള ജയപാലും മത്സര രംഗത്തുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ട്രംപും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും സജീവമായി പങ്കെടുത്തിരുന്നു.
കുടിയേറ്റവുമായി ബന്ധപ്പെട്ട ട്രംപിന്റെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ വന്‍ സ്വാധീനമുണ്ടാക്കും. കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ ട്രംപിന്റെ തീരുമാനങ്ങളെ ഡെമോക്രാറ്റുകള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ശത്രുതയ്ക്കും വിദ്വേഷത്തിനും യു.എസ് ജനത കീഴടങ്ങില്ലെന്നും ഭയവും ദേഷ്യവും നിര്‍മിച്ച് നമ്മെ വിഭജിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് കാണുന്നതെന്നും മിയാമിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഒബാമ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ ഓഹിയോ, ഇന്ത്യാനോ, മിസ്സൂരി എന്നിവിടങ്ങളിലെ പ്രചാരണങ്ങളില്‍ ട്രംപ് ഇന്നലെ സജീവമായിരുന്നു. കുടിയേറ്റത്തിലെ ട്രംപിന്റെ കടുത്ത നിലപാടുകള്‍ രാജ്യത്ത് യുവ, മധ്യ, ന്യൂനപക്ഷ വിഭാഗങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് ഡെമോക്രാറ്റുകള്‍ പ്രതീക്ഷിക്കുന്നത്.
മെക്‌സിക്കന്‍ അതിര്‍ത്തി വഴി വരുന്ന കുടിയേറ്റക്കാരെ തടയാനായി 5,000 സൈനികരെ അയച്ചത് കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ ശക്തമായ നിലപാടിന്റെ അവസാന ഉദാഹരണമാണ്.
ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടിങ് നിലയില്‍ വന്‍ കുറവുണ്ടാവല്‍ പതിവാണ്. 2014ല്‍ 37 ശതമാനം മാത്രമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."