സമ്മര്‍ദങ്ങള്‍ ഏശിയില്ല, അര്‍ഹമായ കൈകളിലേക്കു തന്നെ വയലാര്‍ അവാര്‍ഡ്, പുരസ്‌കാരം വി.ജെ. ജെയിംസിന്റെ 'നിരീശ്വര'ന്
കൊച്ചി: വിവാദങ്ങള്‍ക്കിടെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. അവസാനഘട്ടത്തിലെത്തിയ കൃതിയെ മറികടന്ന് മറ്റൊരു കൃതിക്ക് അവാര്‍ഡ് നല്‍കാന്‍ സമ്മര്‍ദമുണ്ടായതിന്റെ പേരില്‍ സമിതിയില്‍ നിന്ന് എം.കെ സാനു രാജിവച്ചിരുന്നു. എന്നാല്‍ അവസാനഘട്ടത്തിലെത്തിയ വി.ജെ. ജെയിംസിന്റെ 'നിരീശ്വര'നുതന്നെയാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അതേ സമയം ജൂറി തീരുമാനം മറികടന്ന് ആരോപണ വിധേയമായ പുസ്തകത്തിന് പുരസ്‌കാരം നല്‍കാന്‍ നീക്കമുണ്ടായിരുന്നു. മൂല്യനിര്‍ണയത്തില്‍ ഏറ്റവും കുറഞ്ഞ പോയിന്റ് ലഭിച്ച കൃതിക്ക് പുരസ്‌കാരം നല്‍കാനായിരുന്നു നീക്കം. ഇതില്‍ പ്രതിഷേധിച്ചായിരുന്നു എം.കെ സാനു രാജിക്കത്ത് നല്‍കിയത്.
ഇടത് ബന്ധമുള്ള, പ്രമുഖ കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായ വ്യക്തിയുടെ ആത്മകഥയ്ക്ക് വയലാര്‍ പുരസ്‌കാരം ലഭിച്ചേക്കുമെന്ന് നേരത്തേ വിവരം ലഭിച്ചിരുന്നതായി എം.കെ സാനു വ്യക്തമാക്കി. ആ വ്യക്തിയുടെ ബന്ധുവായ, സര്‍വകലാശാലയിലെ ഉന്നതനാണ് ഇടപെടലുകള്‍ക്കു പിന്നിലെന്നാണ് തനിക്ക് ലഭിച്ച വിവരം.
അവാര്‍ഡുകളുടെ സുതാര്യതയും സത്യസന്ധതയും നഷ്ടമായിരിക്കുന്നുവെന്നും മൂല്യങ്ങളില്ലാത്ത പ്രവൃത്തിക്ക് കൂട്ടുനില്‍ക്കാനാവാത്തതിനാലാണ് രാജിവെച്ചതെന്നും എം.കെ. സാനു പറഞ്ഞു.
നിലവാരമില്ലാത്ത, സര്‍ഗാത്മകതയുടെ കണികപോലുമില്ലാത്ത കൃതിക്ക് അവാര്‍ഡ് ലഭിക്കരുതെന്ന ഉദ്ദേശ്യം മാത്രമേ തനിക്കുള്ളു. ബാഹ്യ ഇടപെടലുകള്‍ക്കെതിരേ പ്രതികരിച്ചു എന്ന സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത്.
തീരുമാനം പുനഃപരിശോധിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതുകൊണ്ടുതന്നെ തീരുമാനം പുനപ്പരിശോധിച്ചുകൊണ്ടുള്ള തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.
അതേ സമയം അവാര്‍ഡില്‍ സമ്മര്‍ദങ്ങളൊന്നുമുണ്ടാട്ടില്ലെന്നും മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്നും ജൂറി അംഗമായ പെരുമ്പടവം ശ്രീധരന്‍ പ്രതികരിച്ചു. വയലാര്‍ സ്മാരക ട്രസ്റ്റിനെതിരേ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് അവാര്‍ഡ് ജോതാവ് വി.ജെ ജയിംസും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."