കൗതുകമായി ദേവമാതയില്‍ കുട്ടികളുടെ ജനകീയ തെരഞ്ഞെടുപ്പ്
തൃശൂര്‍: വോട്ടവകാശം നേടും മുമ്പേ ഒരു വോട്ടിംഗ് അനുഭവം. പാട്ടുരായ്ക്കല്‍ ദേവമാതാ സ്‌കൂളിലായിരുന്നു ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായത്തിന്റെ മാതൃക ഒരുക്കിയത്. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സാമൂഹ്യശാസ്ത്രത്തിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടത്തിയത്. എട്ട് ഘട്ടങ്ങളായിട്ടായിരുന്നു തെരഞ്ഞെടുപ്പ്.
ഒന്നാം ഘട്ടത്തില്‍ വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് പതിനൊന്ന് സ്ഥാനങ്ങളിലേയ്ക്കുള്ള നാമനിര്‍ദ്ദേശപത്രികാസമര്‍പ്പണം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷാജു എടമനയക്കായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ റോള്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കിയ ശേഷമാണ് റിട്ടേണിംഗ് ഓഫീസറായ വൈസ് പ്രിന്‍സിപ്പല്‍ ഫാ. സിന്റോ നങ്ങിണി നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിച്ചുതുടങ്ങിയത്.
ഹെഡ് ബോയ്, ഹെഡ് ഗേള്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍, ആര്‍ട്‌സ് സെക്രട്ടറി തുടങ്ങി പതിനൊന്ന് പോസ്റ്റുകളിലേയ്ക്കാണ് മത്സരം. സൂക്ഷ്മപരിശോധനയ്ക്കും പിന്‍വലിക്കലിനും ശേഷം 33 സ്ഥാനാര്‍ത്ഥികളായിരുന്നു ഇന്നലെ ജനവിധി തേടിയത്. സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും തെരഞ്ഞെടുപ്പ് ചിഹ്നവും പതിച്ചതായിരുന്നു ബാലറ്റ് പേപ്പര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രകടനപത്രികയും തയ്യാറാക്കി. ക്ലാസുകള്‍ കയറിയിറങ്ങിയും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും ചിഹ്നം പ്രദര്‍ശിപ്പിച്ചുമായിരുന്നു പ്രചരണം.
ഇതിന് പുറമേ സ്‌കൂളിലെ ദേവ് റോഡിയോയിലും സ്ഥാനാര്‍ത്ഥികള്‍ പ്രചരണം നടത്തി. തെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ പോളിംഗ് ബൂത്തുകളില്‍ പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റുമാരും ഉണ്ടായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാലെ വിരലില്‍ മഷി പുരളൂ. യൂണിഫോം ധരിച്ച കുട്ടിപ്പോലീസുകാര്‍ സുരക്ഷയൊരുക്കി. എട്ട് കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് വരെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും.
അക്കാദമിക് അഡ്മിനിസ്‌ട്രേറ്റര്‍മാരായ സി.എ ഫ്രാന്‍സിസ്, ആറ്റ്‌ലി ടി. ജോണ്‍, അധ്യാപകരായ വര്‍ഷ മേനോന്‍, എ.ടി ശാലിനി, എ.വൈ അനീഷ, കെ.ബി പ്രജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."