ബിഹാറിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സന്നദ്ധമെന്ന് കേരളം
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്താണ് ബിഹാര്‍ സര്‍ക്കാരുമായും പട്‌ന ജില്ലാ ഭരണസംവിധാനവുമായും ബന്ധപ്പെട്ടത്. ചീഫ് സെക്രട്ടറി ടോം ജോസ് ബിഹാര്‍ ചീഫ് സെക്രട്ടറി ദീപക് കുമാറിനെയും ബന്ധപ്പെട്ടിട്ടുണ്ട്.
പ്രളയത്തില്‍പ്പെട്ട മലയാളികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ബിഹാര്‍ ചീഫ് സെക്രട്ടറി ഉറപ്പുനല്‍കിയിട്ടുണ്ട്. അതിവര്‍ഷം കാരണം ബിഹാറിലെയും യു.പിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരിക്കുകയാണ്. പട്‌നയില്‍ സ്ഥിതി രൂക്ഷമാണ്. അടുത്ത ദിവസങ്ങള്‍ക്കിടയില്‍ നാല്‍പ്പതിലേറെ പേര്‍ മരണപ്പെട്ടു.
മലയാളികള്‍ക്കാര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ച വിവരം. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കാനാണ് ഇപ്പോള്‍ ദുരന്ത പ്രതികരണസേനയും മറ്റ് ഏജന്‍സികളും ശ്രമിക്കുന്നത്. സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും യു.പിയിലെയും ബിഹാറിലെയും അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. മലയാളി കുടുംബങ്ങളുടെ കാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ നോര്‍ക്ക വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."