നിരപരാധിയെ ആളുമാറി ജയിലിലടച്ച സംഭവം; അന്വേഷണത്തിന് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി
മണ്ണാര്‍ക്കാട്: നിരപരാധിയായ ആദിവാസി യുവാവിനെ ആളുമാറി ജയിലിലടച്ച സംഭവത്തില്‍ അന്വേഷണത്തിന് സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യെ ചുമതലപ്പെടുത്തി.പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി സ്വീകരിക്കുക.
ഒക്ടോബര്‍ 24 നാണ് പത്ത് വര്‍ഷം മുന്‍പ് നടന്ന മോഷണ കേസുമായി ബന്ധപ്പെട്ട് പാമ്പന്‍തോട് കോളനിയിലെ ആദിവാസി യുവാവ് ചന്ദ്രനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ യഥാര്‍ത്ഥ പ്രതി കരുമന്കുന്ന് കോളനിയിലെ രാധാകൃഷ്ണനാണെന്ന് പൊലിസ് തിരിച്ചറിഞ്ഞതോടെ സംഭവം വിവാദമാവുകയായിരുന്നു.ഇതേ തുടര്‍ന്ന് പത്ത് ദിവസത്തോളം പാലക്കാട് ജയിലില്‍ കിടന്ന ചന്ദ്രനെ ശനിയാഴ്ച്ച പൊലീസ് മോചിപ്പിക്കുകയായിരുന്നു.
ഇതേസമയം പ്രതി കുറ്റം സമ്മതിച്ചതാണ് അറസ്റ്റിന് കാരണമായതെന്ന് സി.ഐ ടി.പി. ഫര്‍ഷാദ് അറിയിച്ചു. പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ താന്‍ രാധാകൃഷ്ണന് അല്ലെന്ന് ആവര്‍ത്തിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ജയില്‍ മോചിതനായ ശേഷം ചന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചു. ചായകുടിക്കാനായി കടയില്‍ എത്തിയപ്പോഴാണ് പൊലീസ് തന്നെ കൊണ്ടുപോയതെന്നും തുടര്‍ന്ന് കൂടുതല്‍ ചോദ്യങ്ങളൊന്നും കൂടാതെ കോടതിയില്‍ ഹാജരാക്കുകയായിരുന്നെന്നും ചന്ദ്രന് പറഞ്ഞു.
ഭീകരരോട് പെരുംമാറും പോലെയായിരുന്നു പൊലിസ്് പെരുമാറിയിരുന്നതെന്നും കൊടും കുറ്റവാളിയെ കൊണ്ടു പോവും പോലെ ചന്ദ്രന്റെ കഴുത്തില്‍ തോര്‍ത്ത് കുരുക്കി വലിച്ചു കൊണ്ടു പോവുകയായിരുന്നെന്നാണ് പരിസരത്തുള്ളവര്‍ പറയുന്നത്.
വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ തങ്ങള്‍ക്ക് മോശമായ പെരുമാറ്റമാണ് നീതി പാലകരില്‍ നിന്നും ലഭിച്ചതെന്ന് ചന്ദ്രന്റെ സഹോദരന് സുന്ദരന്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."