ദേശീയ പാതയോരത്തെ ഉണങ്ങിയ മരങ്ങള്‍ മുറിക്കില്ലെന്ന് വാശിപിടിച്ച് അധികൃതര്‍
മീനങ്ങാടി: ദേശീയ പാതയോരത്ത് അപകട ഭീഷണി സൃഷ്ടിക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യം മൂന്നുവര്‍ഷമായി അധികൃതര്‍ അവഗണിക്കുന്നതായി ആക്ഷേപം.
മീനങ്ങാടി ചില്ലിങ് പ്ലാന്റിന് സമീപത്തെ മരങ്ങളാണ് വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്.
ഉണങ്ങിയ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. കഴിഞ്ഞവര്‍ഷം പാതയോരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന നിര്‍ദേശം നടപ്പിലാക്കിയപ്പോഴും ഏറെ അപകട സാധ്യതയുള്ള ഈ മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നില്ല. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇവിടെയുള്ള ഉണങ്ങിയ മരത്തിന്റെ കമ്പ് ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ വീണ് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
മഴയും വെയിലുമേറ്റ് ജീര്‍ണ്ണിച്ച് തുടങ്ങിയ മരക്കമ്പുകള്‍ പൊട്ടിവീഴുന്നത് പതിവാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി വഴിയാത്രക്കാര്‍ ഈ മരത്തിന് അടിയിലൂടെയാണ് കടന്നു പോവുന്നത്. മരക്കമ്പുകള്‍ പൊട്ടിവീണ് ഇതിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനടക്കം തകരാറിലാകുന്നത് പതിവാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഒരു ദുരന്തം വന്നെങ്കില്‍ മാത്രമേ നടപടിയെടുക്കൂ എന്ന നിലപാടാണ് ബന്ധപ്പെട്ടവര്‍ക്കുള്ളതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."