കെ.എസ്.ആര്‍.ടി.സി നേരിടാന്‍ പോകുന്നത് വന്‍ പ്രതിസന്ധി
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക വകമാറ്റാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി കെ.എസ്.ആര്‍.ടി.സിക്ക് സൃഷ്ടിക്കാന്‍ പോകുന്നത് വന്‍ പ്രതിസന്ധി. ഇതുവരെ വകമാറ്റിയ തുക പലിശയടക്കം തിരിച്ചടക്കേണ്ടിവന്നാല്‍ വന്‍ ബാധ്യതയായിരിക്കും കോര്‍പറേഷനുണ്ടാകുക.
എല്‍.ഐ.സി പോളിസി, നോണ്‍ ഡിപാര്‍ട്ട്‌മെന്റ് റിക്കവറി, നാഷണല്‍ പെന്‍ഷന്‍ സ്‌കീം എന്നീ ഇനങ്ങളിലായി മാസംതോറും ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന തുക കുറച്ചുകാലമായി കെ.എസ്.ആര്‍.ടി.സി അടയ്ക്കുന്നില്ല.
അടവു മുടങ്ങിയിട്ട് ഏതാണ്ട് 10 മാസത്തോളമായി. ഈ തുക മറ്റു ചെലവുകള്‍ക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം നിരവധി ജീവനക്കാര്‍ക്ക് എല്‍.ഐ.സി പോളിസിയും മറ്റ് ആനുകൂല്യങ്ങളും നഷ്ടമായിട്ടുണ്ട്. ഇതിനെതിരേ ട്രാന്‍സ്്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഒക്ടോബര്‍ 30ന് വിധിയുണ്ടായത്. ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന തുക വകമാറ്റുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇങ്ങനെ പിടിച്ച തുക നവംബര്‍ മാസം മുതല്‍ വകമാറ്റാന്‍ പാടില്ലെന്നാണ് കോടതി വിധി.
മാത്രമല്ല ഇതുവരെ പിടിച്ച തുകയും അടയ്ക്കാത്തതു മൂലമുണ്ടായ പലിശയും പിഴപ്പലിശയും കെ.എസ്.ആര്‍.ടി.സി നല്‍കണമെന്ന ആവശ്യത്തില്‍ മൂന്നാഴ്ചക്കകം മറുപടി അറിയിക്കണമെന്ന് സര്‍ക്കാരിനോടും കെ.എസ്.ആര്‍.ടി.സിയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു മൊത്തം ഏതാണ്ട് 575 കോടി രൂപ വരും. ഈ തുക അടയ്ക്കുന്നത് ഏറെ പ്രയാസകരമായിരിക്കും. ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക.
തുക വകമാറ്റുന്നതിനെതിരേ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സംഘടനകള്‍ പലതവണ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. അതിനു ഫലമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."