പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ നിവേദനം
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് നല്‍കാനുള്ള 683.39 കോടി രൂപയുടെ വേതന കുടിശിക ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിവേദനം നല്‍കി. കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ വച്ചാണ് പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തല നേരിട്ട് നിവേദനം നല്‍കിയത്. 2016 ഡിസംബര്‍ മുതലുള്ള തൊഴിലുറപ്പ് വേതനമാണ് കുടിശികയായി കിടക്കുന്നത്. ഈ വര്‍ഷത്തെ കുടിശിക മാത്രം 46.87 കോടി രൂപയുണ്ട്.
സംസ്ഥാനത്ത് 20 ലക്ഷത്തോളം തൊഴിലാളികളാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം പണിയെടുക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും ദരിദ്രരായ സ്ത്രീകളാണ്. വേതനം മുടങ്ങിയതോടെ ഇവര്‍ പട്ടിണിയിലായിരിക്കുകയാണെന്ന് നിവേദനത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഏപ്രിലില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് തൊഴിലുറപ്പ് വേതന കുടുശിക നല്‍കിയെങ്കിലും കേരളത്തെ അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് കുടിശിക വേതനം വിതരണം ചെയ്യണമെന്ന് ചെന്നിത്തല അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."