ബോംബ് സ്ഫോടനം: ഫോണ്‍ സന്ദേശം വ്യാജമെന്ന് തെളിഞ്ഞു
തൃശൂര്‍: നഗരത്തില്‍ ആറിടങ്ങളില്‍ ബോംബ് സ്ഫോടനം നടക്കുമെന്ന ഫോണ്‍ സന്ദേശം വ്യാജമെന്ന് തെളിഞ്ഞു. ബുധനാഴ്ച രാത്രി എട്ടു മുതല്‍ ഇന്നലെ രാവിലെ എട്ടുവരെയുള്ള 12 മണിക്കൂറിനുള്ളില്‍ ആറിടങ്ങളില്‍ സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം.
ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ തൃശൂര്‍ പൊലിസ് കണ്ട്രോള് റൂമിലേക്കാണ് സന്ദേശമെത്തിയത്.
ജൂബിലി മിഷന് ആശുപത്രി കോമ്പൗണ്ടിലെ കോയിന് ബോക്സില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് ആദ്യ ദിനം തന്നെ കണ്ടെത്തിയിരുന്നു. സൈബര്‍ സെല്ലിന്റെയും പരിസരത്തെ നിരീക്ഷണ കാമറകളുടെയും സഹായത്തോടെ പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. സന്ദേശം ലഭിച്ചതു മുതല്‍ രാവിലെ വരെ നഗരത്തില്‍ പൊലിസ് അതീവ ജാഗ്രത പുലര്‍ത്തി.
ബോംബ്-ഡോഗ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ കോര്പറേഷന് ഓഫിസ്, നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനത്തിരക്കുള്ള സുപ്രധാന കേന്ദ്രങ്ങളില്‍ പരിശോധന നടന്നു.
കേരള ആംഡ് പൊലിസ് ബറ്റാലിയനുകളില്‍ നിന്നും രാമവര്‍മപുരം പൊലിസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നാളെ ജില്ലയില്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."