അധ്യാപക ദിനത്തില്‍ അവര്‍ വിതച്ച വിത്തുകള്‍ പാകമായി, ശിശുദിനത്തില്‍ വിളവെടുക്കാന്‍
മുക്കം: കാര്‍ഷിക സംസ്‌കൃതിയുടെ പുതിയ പാഠം വിദ്യാര്‍ഥികള്‍ക്ക് പ്രവൃത്തിയിലൂടെ പകര്‍ന്ന് നല്‍കുന്നതിനായി അധ്യാപകര്‍ തയ്യാറായപ്പോള്‍ നായര്‍കുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിളഞ്ഞത് നൂറ് മേനി.
ഈ വര്‍ഷത്തെ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി 101 പച്ചക്കറി തൈകളാണ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്‌കൂള്‍ മുറ്റത്ത് നട്ടത്. കായികാധ്യാപകന്‍ ബഫീര്‍ പൊറ്റശ്ശേരിയുടെ നേതൃത്വത്തിലാണ് പൊളിച്ചുമാറ്റിയ പഴയ സ്‌കൂള്‍ കെട്ടിടത്തിന്റെ സ്ഥലം കൃഷിയോഗ്യമാക്കി വഴുതന, പച്ചമുളക്, തക്കാളി എന്നിവ കൃഷി ചെയ്തത്. ഉജ്വല ഇനത്തില്‍ പെട്ട മുളകിനെ കൂടാതെ സിറ, ബജി, കാപ്‌സിക്കം തുടങ്ങി 4 ഇനം മുളകുകളും ഒന്നര അടിയോളം നീളത്തില്‍ വരെ വളരുന്ന വേങ്ങേരി വഴുതിനയുമെല്ലാം വിളവെടുപ്പിന് പാകമായിട്ടുണ്ട്.
ശിശുദിനത്തില്‍ പൂര്‍ണമായും വിളവെടുപ്പിന് പാകമാവുമെന്നാണ് പ്രതീക്ഷ. അതിനിടയ്ക്ക് വിളവായ പച്ചക്കറികള്‍ സ്‌കൂളിലെ ഭക്ഷണത്തിനായി ഉപയോഗിക്കുവാനും തുടങ്ങിയിട്ടുണ്ട്. പൂര്‍ണമായും ജൈവ രീതിയിലാണ് കൃഷി ചെയ്തിരിക്കുന്നത്. ചാണകവും പിണ്ണാക്കും ശര്‍ക്കരയും ഗോമൂത്രവുമാണ് വളമായി ഉപയോഗിക്കുന്നത്. കീടങ്ങളെ നശിപ്പിക്കാന്‍ വെളുത്തുള്ളി കഷായവും ഉപയോഗിക്കുന്നു. കൃഷി തങ്ങള്‍ക്കും വലിയ അനുഭവമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
കൃഷിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പലരും വീടുകളിലും കൃഷി തുടങ്ങിയിട്ടുണ്ട്. കാര്‍ഷിക വൃത്തിയില്‍ പുതുചരിത്രം രചിക്കുന്നതിനായി ഈ അധ്യാപകരും വിദ്യാര്‍ഥികളും ഒന്നിച്ച് മത്സരിക്കുമ്പോള്‍ അവിടെ ഒരു കാര്‍ഷിക പെരുമയുടെ വിളനിലമാണ് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."