തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ ഉദ്ഘാടനം അനിശ്ചിതത്വത്തില്‍
തൊടുപുഴ: കെ.എസ്.ആര്‍.ടി.സി തൊടുപുഴയില്‍ നിര്‍മിക്കുന്ന ആധുനിക ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം അനിശ്ചിതത്വത്തില്‍. കരാറുകാരുടെ കാലാവധി കഴിഞ്ഞ 30ന് അവസാനിച്ചിരുന്നു. എന്നാല്‍, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടി എങ്ങുമത്തൊത്തതാണ് ഉദ്ഘാടനം നീളാന്‍ കാരണം. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധിയും അധികൃതരുടെ അനാസ്ഥയുമാണ് പ്രശ്‌നം. അതേസമയം, അനുവദിച്ച ഫണ്ടിന്റെ പണി കാര്യക്ഷമമായി നടക്കുന്നില്‌ളെന്ന് ആക്ഷേപമുണ്ട്. തൊടുപുഴയിലെ താല്‍ക്കാലിക കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടുമ്പോളാണ് അധികൃതരുടെ കെടുകാര്യസ്ഥത.
തൊടുപുഴ - ഇടുക്കി റൂട്ടില്‍ മൂപ്പില്‍കടവ് പാലത്തിന് സമീപം ബസ് സ്റ്റാന്‍ഡ്, ഷോപ്പിങ് കോംപ്ലക്‌സ്, ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് എന്നിവ ഉള്‍പ്പെടുന്ന ടെര്‍മിനലിന്റെ നിര്‍മാണം 2013 ജനുവരി പത്തിനാണ് ആരംഭിച്ചത്. സര്‍ക്കാര്‍ ഏജന്‍സി കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ മൂവാറ്റുപുഴയിലെ മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല. പന്ത്രണ്ടര കോടി കണക്കാക്കിയ നിര്‍മാണച്ചെലവ് പിന്നീട് 16 കോടിയാക്കി ഉയര്‍ത്തി. രണ്ടര വര്‍ഷമായിരുന്നു നിര്‍മാണകാലാവധി. എന്നാല്‍, പല കാരണങ്ങളാല്‍ ഇടക്ക് രണ്ടുതവണ നിര്‍മാണം മുടങ്ങി. ഇതുമൂലം സാമഗ്രികളുടെ വാടകയിനത്തിലും കരാറുകാരന് നല്‍കാനുള്ള കുടിശികയുടെ പലിശയിനത്തിലും പ്രതിമാസം ലക്ഷക്കണക്കിന് രൂപ കോര്‍പറേഷന് നഷ്ടമായി. തുടര്‍ന്ന് സ്ഥലം എം.എല്‍.എ പി.ജെ. ജോസഫിന്റെ ഇടപെടലിനത്തെുടര്‍ന്ന് കോര്‍പറേഷനില്‍ നിന്ന് കിട്ടാനുള്ള കുടിശ്ശിക സംബന്ധിച്ച് ഏകദേശധാരണയായി നിര്‍മാണം പുനരാരംഭിച്ചു.കരാറുകാര്‍ ഏറ്റെടുത്ത ജോലി നിലവില്‍ പൂര്‍ത്തിയായി. 14 കോടിയോളം ഇതിനകം ചെലവഴിച്ചു.
ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തടസങ്ങള്‍ ഏറെയാണ്. വൈദ്യുതീകരണം നടന്നില്ല. അഗ്‌നിശമന വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കാനുണ്ട്.ഗാരേജിനടിയില്‍ ഉള്‍പ്പെടെ റാമ്പുകളുടെ നിര്‍മാണം, ജനറേറ്റര്‍ സ്ഥാപിക്കല്‍, ഓഫിസുകളുടെ ഫര്‍ണിഷിങ് ജോലികള്‍, പാര്‍ക്കിങ് ഏരിയയില്‍ ടൈല്‍വിരിക്കല്‍, കുടിവെള്ളത്തിന് സംവിധാനങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ സുപ്രധാന ജോലികളാണ് ശേഷിക്കുന്നത്. ടെര്‍മിനലിന് പ്രത്യേകമായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതടക്കം ജോലികള്‍ വൈദ്യുതീകരണത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കണം.
കെ.എസ്.ആര്‍.ടി.സിയുടെ തനത് ഫണ്ടിന്റെ അഭാവമാണ് ജോലികള്‍ക്ക് തടസമായി നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നത്. തുടര്‍ന്ന് പി.ജെ. ജോസഫ് എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടി അനുവദിച്ചു. എന്നാല്‍, ഈ ഫണ്ട് ഉപയോഗിച്ചുള്ള ജോലികള്‍ ചെയ്തില്ല. ജോലികള്‍ വേഗം പൂര്‍ത്തിയാക്കി ടെര്‍മിനല്‍ തുറക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്ന് പി.ജെ. ജോസഫ് എം.എല്‍.എ അറിയിച്ചു. ശേഷിക്കുന്ന പദ്ധതികളില്‍ ചിലതിന് മാത്രമാണ് അംഗീകാരം ലഭിച്ചതെന്നും വൈദ്യുതീകരണജോലികളടക്കം മറ്റുള്ളവക്ക് അംഗീകാരം നേടിയെടുക്കാന്‍ നടപടി പുരോഗമിക്കുകയാണെന്നും തൊടുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതര്‍ അറിയിച്ചു. നിലവില്‍ കാഞ്ഞിരമറ്റം ബൈപാസിനരികില്‍ നഗരസഭയുടെ ലോറി സ്റ്റാന്‍ഡിലാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. ഇവിടെയും അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."