പ്രധാനമന്ത്രിയുടെ പരിപാടിയില്‍ കുമ്മനം പങ്കെടുത്തത് 'എം.എല്‍.എ'യായി; സൗകര്യം ഒരുക്കിയത് പി.എം.ഒ
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പരിപാടികളില്‍ പ്രോട്ടോകോള്‍ ലംഘിച്ച് പഞ്ചായത്ത് അംഗം പോലുമല്ലാത്ത ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്തത് 'എം.എല്‍.എ' എന്ന നിലയില്‍. തൃക്കാക്കര എം.എല്‍.എ പി.ടി തോമസിനെ വെട്ടിമാറ്റി പ്രധാനമന്ത്രിയുടെ ഓഫിസാണ് (പി.എം.ഒ) കുമ്മനത്തെ പട്ടികയില്‍ തിരുകി കയറ്റിയത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ അണ്ടര്‍ സെക്രട്ടറി പുഷ്‌പേന്ദ്രകൗര്‍ ശര്‍മയാണ് കുമ്മനം രാജശേഖരന്റെ പേര് ഉള്‍പ്പെടുത്തി എസ്.പി.ജി ഐ.ജി ടി.നാംഗ്യാല്‍ കൈലോണിന് പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ പട്ടിക നല്‍കിയത്.
പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന ചടങ്ങിലും സെന്റ് തെരേസാസ് കോളജില്‍ നടന്ന പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വായനാദിന-വായനാമാസാചരണ പരിപാടിയിലുമായിരുന്നു കുമ്മനത്തെ 'എം.എല്‍.എ' എന്ന നിലയില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈ പട്ടിക സംസ്ഥാന പൊലിസിനും കൈമാറിയിരുന്നതായി പറയുന്നു.
എന്നാല്‍, പരിപാടിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സംസ്ഥാന പൊലിസിലെ ഉന്നതര്‍ കുമ്മനത്തിന് കൊച്ചി മെട്രോയില്‍ അടക്കം പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യാന്‍ സാഹചര്യം ഒരുക്കി നല്‍കുകയായിരുന്നു.
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ തലേദിവസമായ പതിനാറിനാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ അണ്ടര്‍ സെക്രട്ടറി എസ്.പി.ജി ഐ.ജിയ്ക്ക് പട്ടിക കൈമാറിയത്. ഈ പട്ടിക സംസ്ഥാന സര്‍ക്കാരിനും നല്‍കിയിരുന്നു. എന്നാല്‍, ഉത്തരവാദിത്വപ്പെട്ട കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥ വൃന്ദവും ഇക്കാര്യം മറച്ചുവച്ചു.
സുരക്ഷയുടെ ഭാഗമായി എസ്.പി.ജി ആവശ്യപ്പെട്ട വാഹനങ്ങള്‍ കൈമാറുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നാണ് കേരള പൊലിസ് വ്യക്തമാക്കുന്നത്. ആരൊക്കെ ഈ വാഹനങ്ങളില്‍ യാത്ര ചെയ്‌തെന്ന് നോക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും എസ്.പി.ജിയാണ് യാത്ര ചെയ്യുന്നവരെ നിശ്ചയിക്കുന്നതെന്നുമാണ് കേരള പൊലിസിന്റെ നിലപാട്.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിച്ചവര്‍ക്ക് അദ്ദേഹത്തിന്റെ ഓഫിസ് തന്നെ തെറ്റായ വിവരം കൈമാറിയെന്ന ഗുരുതരമായ വീഴ്ചയാണ് കുമ്മനത്തെ എം.എല്‍.എ എന്ന നിലയില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലൂടെ സംഭവിച്ചത്. കുമ്മനത്തെ എം.എല്‍.എ എന്ന നിലയില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും വാഹനം അനുവദിച്ചതും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സുരക്ഷാ ചുമതല ഉണ്ടായിരുന്ന പൊലിസിലെ ഉന്നതര്‍ ഇക്കാര്യം മറച്ചുവച്ചത് സംബന്ധിച്ചും മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തിനായി പ്രധാനമന്ത്രിയുടെ പരിപാടിയില്‍ കുമ്മനം രാജശേഖരനെ ഇല്ലാത്ത പദവി ചാര്‍ത്തി തിരുകി കയറ്റിയതില്‍ ഗൂഢാലോചന നടന്നതായി ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."