രാക്കുരുക്ക്: ചരിത്രമുറങ്ങുന്ന പാത കൊട്ടിയടയ്ക്കരുതെന്ന് കുഞ്ഞാലിക്കുട്ടി
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ജനങ്ങള്‍ക്ക് മറ്റു പ്രദേശങ്ങളുമായും ജനങ്ങളുമായുമുള്ള ബന്ധം അറ്റുപോവുന്ന സാഹചര്യമാണ് ദേശീയപാത 766ലെ ഗതാഗത നിരോധനത്തിലൂടെ ഉണ്ടാവുകയെന്നും ഇത് അത്യന്തം ഗുരുതരമാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു.
സുല്‍ത്താന്‍ ബത്തേരി സ്വതന്ത്രമൈതാനിയില്‍ യുവജനകൂട്ടായ്മ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനുശേഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ റോഡിലൂടെയുള്ള ഗതാഗതം നിശ്ചലമായാല്‍ മുറിഞ്ഞുപോകുക ഒരു ചരിത്രമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാതയാണിത്. ടിപ്പുസുല്‍ത്താന്റെ കാലത്ത് ഗതാഗതം തുടങ്ങിയ പാത വരുംതലമുറകള്‍ക്കും ഉപയോഗപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മറ്റു നിരവധി സ്ഥലങ്ങളില്‍ വനത്തിനുള്ളിലൂടെ ദേശീയ പാതകളുണ്ട്. എന്നാല്‍ അവിടെയൊന്നുമില്ലാത്ത വിധം വയനാടന്‍ ജനതയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്.
പ്രകൃതിക്കും വന്യജീവികള്‍ക്കും നല്‍കുന്ന പരിഗണന നിസ്സഹായരായ മനുഷ്യര്‍ക്കും ഉറപ്പാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വിഷയത്തില്‍ തന്റെ പൂര്‍ണപിന്തുണ വയനാടന്‍ ജനതക്കൊപ്പം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കി.
മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്
തിരുവനന്തപുരം: വയനാട്ടിലെ രാക്കുരുക്ക് സംബന്ധിച്ച് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വയനാട്ടിലെ ജനങ്ങളുടെ സമരം തികച്ചും ന്യായമാണെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. നിലവിലുള്ള രാത്രിയാത്രാ വിലക്കിന് പുറമേ പകല്‍ യാത്രാ നിരോധനവും ഏര്‍പ്പെടുത്താനുള്ള നീക്കം ജനപ്രതിഷേധത്തിന്റെ ആക്കം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും വയനാട് എം.പി കൂടിയായ രാഹുല്‍ഗാന്ധിയും നടത്തുന്ന ശ്രമങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും സുധീരന്‍ കത്തില്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."