കശ്മിരിലെ സ്ഥിതി ഗുരുതരമെന്ന് വസ്തുതാന്വേഷണ സംഘം
ന്യൂഡല്‍ഹി: പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കശ്മിര്‍ ജനത പ്രയാസപ്പെടുകയാണെന്നും രാത്രിയില്‍ സൈന്യം എത്തുന്നത് ഭയപ്പെട്ട് കഴിയുകയാണെന്നും വസ്തുതാ അന്വേഷണ സംഘം. 60 ദിവസത്തില്‍ കൂടുതലായുള്ള നിയന്ത്രണങ്ങളില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് സെപ്റ്റംബര്‍ 23 മുതല്‍ 28 വരെ ജമ്മുകശ്മിരില്‍ സന്ദര്‍ശനം നടത്തിയ വുമെണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷല്‍ വയലന്‍സ് ആന്‍ഡ് സ്റ്റേറ്റ് റിപ്രഷന്‍ അംഗങ്ങള്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
വസ്തുതാ അന്വേഷണ സംഘത്തില്‍ നാല് വനതികളാണുണ്ടായിരുന്നത്. ശ്രീനഗര്‍, ഷോപ്പിയാന്‍, കുപ്‌വാര, ബാരമുല്ല എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.
മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതില്‍ വളരെ വ്യത്യസ്തവും ഗുരുതരവുമായി അന്തരീക്ഷമാണ് ഇവിടെയുള്ളതെന്നും പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രത്തിന്റെ തീരുമാനത്തില്‍ സന്തുഷ്ടി പ്രകടിപ്പിക്കുന്ന ഒരാളെ പോലും എവിടെയും കണ്ടെത്താനായില്ലെന്നും സംഘം പറഞ്ഞു. താഴ്‌വരയിലുടനീളം സുരക്ഷാ സൈന്യത്തിന്റെ ശക്തമായ സാന്നിധ്യമാണുള്ളത്. ചുരുങ്ങിയ കടകള്‍ മാത്രമാണ് തുറന്നിരിക്കുന്നത്. ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണെന്ന് സര്‍ക്കാര്‍ അധ്യാപകര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
രാത്രിസമയങ്ങളില്‍ സുരക്ഷാ സേന അതിക്രമിച്ച് എത്തുന്നത് സ്ത്രീകളും കുട്ടികളും ദിനംപ്രതി ഭയന്നിരിക്കുകയാണെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. സുരക്ഷാ സേന മര്‍ദിച്ച പത്ത് വയസുകാരിയെ അന്വേഷണ സംഘം സന്ദര്‍ശിച്ചു. വീട്ടില്‍ എത്തിയ സേന ഉറക്കത്തിനിടെയാണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. ഓഗസ്റ്റ് ഏഴിന് പൊലിസ് പിന്തുടരുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മുങ്ങിമരിച്ച 17 കാരന്‍ ഉസൈബ് അല്‍ത്താഫിന്റെ കുടുംബത്തിന് ഇതുവരെ പരാതി കൊടുക്കാന്‍ പോലും സാധിച്ചിട്ടില്ല. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പരാതി നല്‍കാന്‍ പോലും സാധിക്കാത്ത ഉസൈബ് അല്‍ത്താഫിന്റെ മാതാപിതാക്കളെ ഞങ്ങള്‍ക്ക് എങ്ങനെ ആശ്വസിപ്പിക്കാനാവുമെന്ന് ആക്ടിവിസ്റ്റുകള്‍ ചോദിച്ചു. വസ്തുതാ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."