ഗാന്ധിജിയെ കാവി പുതപ്പിക്കുമ്പോള്‍
#പി. സുരേന്ദ്രന്‍
9447645840
ആര്‍.എസ്.എസ് സര്‍സംഘ്ചാലക് ഡോ. മോഹന്‍ ഭാഗവത് മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് ഇക്കഴിഞ്ഞ ഗാന്ധിജയന്തിദിനത്തില്‍ ഒരു പ്രമുഖ മലയാള ദിനപത്രത്തില്‍ എഴുതിയ കുറിപ്പ് വലിയ സംവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഗാന്ധിജിയെ മോഹന്‍ ഭാഗവത് വാഴ്ത്തുന്നു എന്നാണ് പ്രത്യക്ഷത്തില്‍ തോന്നുകയെങ്കിലും ഗോഡ്‌സെ രാഷ്ട്രീയത്തിന്റെ സഹയാത്രികനെന്നു പറയാവുന്ന അദ്ദേഹത്തിന്റെ കുറിപ്പില്‍ പതിയിരിക്കുന്ന ചതിയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഗാന്ധിജിയ്ക്ക് ആര്‍.എസ്.എസുമായി എതിര്‍പ്പുണ്ടായിരുന്നില്ല എന്ന് സമര്‍ഥിക്കാന്‍ ചില ഉദാഹരണങ്ങള്‍ മോഹന്‍ജി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. 1936ല്‍ വാര്‍ധയുടെ പരിസരത്തു നടന്ന സംഘശിബിരം ഗാന്ധിജി സന്ദര്‍ശിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഡോ. ഹെഡ്‌ഗേവാര്‍ ഗാന്ധിജിയെ അദ്ദേഹത്തിന്റ താമസസ്ഥലത്തുചെന്ന് കൂടിക്കാഴ്ച നടത്തിയെന്നതാണ് മറ്റൊന്ന്. ഈ കൂടിക്കാഴ്ചയില്‍ ഗാന്ധിജി പറഞ്ഞതെന്തെന്ന് മോഹന്‍ജി വ്യക്തമാക്കുന്നില്ല. ഡല്‍ഹിയിലും സംഘശാഖ ഗാന്ധിജി സന്ദര്‍ശിച്ചതായും സംഘത്തിന്റെ അച്ചടക്കത്തേയും ജാതിരഹിത ചിന്തയേയും വാഴ്ത്തിയതായും മോഹന്‍ ഭാഗവത് വ്യക്തമാക്കുന്നുണ്ട്.
നമ്മുടെ നാട്ടില്‍ ആര്‍.എസ്.എസുകാരന്‍ ഒരു വീടുകൂടലിന് വിളിച്ചാല്‍ അയല്‍പ്പക്കക്കാര്‍ പോകും. വീടിനടിച്ച പെയിന്റിനെക്കുറിച്ചോ വാതിലിന്റെ കൊത്തുവേലയെക്കുറിച്ചോ നല്ലതുപറഞ്ഞെന്നിരിക്കും. ഇനി മകന്റെ കല്യാണസല്‍ക്കാരത്തിനാണ് വിളിച്ചതെങ്കിലോ പുത്രഭാര്യയുടെ അഴകിനെകുറിച്ചും നല്ല വാക്ക് പറഞ്ഞെന്നിരിക്കും. ഇതൊന്നും ആര്‍.എസ്.എസ്.എന്ന ഫാസിസ്റ്റ് സംഘടനയുടെ പ്രത്യയശാസ്ത്രം അംഗീകരിക്കലല്ലല്ലോ. ആര്‍.എസ്.എസിന്റെ വാസ്തുശില്‍പികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരൊക്കെ വ്യക്തിജീവിതത്തില്‍ സംശുദ്ധി പാലിച്ചവരായിരിക്കാം. വെജിറ്റേറിയന്‍ ഭക്ഷണം ശീലിച്ചവരുമായിരിക്കാം. പക്ഷെ അവരുടെ ആന്തരിക ജീവിതം ഹിംസാത്മകമായിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളോട് അസഹിഷ്ണുതയും വെറുപ്പും പ്രസരിപ്പിച്ചവരായിരുന്നു. വെജിറ്റേറിയനായിരുന്ന ഹിറ്റ്‌ലര്‍ ആണ് ജൂതന്മാരെ കൊന്നൊടുക്കിയത്. ഹിറ്റ്‌ലറിന്റെ ആശയങ്ങളായിരുന്നു ഗോള്‍വാല്‍ക്കറിനു പഥ്യം.
ബി.ജെ.പിയും മറ്റ് സംഘ്പരിവാര്‍ ശക്തികളും ഗാന്ധിജിയുടെ പ്രചാരകരായിവരുമ്പോള്‍ സൂക്ഷിക്കുക തന്നെ വേണം. ഗാന്ധിജിയുടെ മതേതരത്വവും അഹിംസയും അവര്‍ ഏറ്റെടുക്കുന്നു എന്നല്ല അതിന്റെ അര്‍ഥം. മറിച്ച് സംഘ്പരിവാരത്തിന്റെ ആശയങ്ങളാണ് ഗാന്ധിജിയുടേയും എന്നാണ് സത്യാനന്തരകാലത്തെ നുണപ്രചാരണങ്ങളിലൂടെ അവര്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. അതാണിപ്പോള്‍ സംഭവിക്കുന്നത്. ഗോഡ്‌സെയുടെ ക്ഷേത്രത്തില്‍ ഗാന്ധിജിയേയും പ്രതിഷ്ഠിക്കുന്ന ചതി. നരേന്ദ്രമോദി ചര്‍ക്ക തിരിക്കുന്ന ചിത്രമൊക്കെ പ്രചരിപ്പിച്ചുകൊണ്ട് മഹാത്മാവായി സ്വയം അവരോധിക്കാന്‍ ശ്രമിക്കുന്നു.
മഹാത്മാ മോദിയെന്ന് പറയിപ്പിച്ചുകൊണ്ടിരുന്നാല്‍ അത് സ്ഥാപിച്ചെടുക്കാനും പറ്റും. മോദിക്കുവേണ്ടി ഇന്ത്യയിലും വിദേശത്തും ഗീബല്‍സുമാര്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.
സംഘ്പരിവാരത്താല്‍ മാത്രമല്ല ഗാന്ധിജി ദുര്‍വായനക്കു വിധേയമായിക്കൊണ്ടിരിക്കുന്നത്. മതേതരബുദ്ധിജീവികളും, യുക്തിവാദ ആശയക്കാരും ഈ വഴിയിലുണ്ട്. സംഘ്പരിവാരത്തിന് ഗാന്ധിജിയെ അവരുടെ കൂട്ടിലടക്കാന്‍ സഹായകരമാവുകയും ചെയ്യും. തീവ്രഹിന്ദുത്വ ആശയത്താല്‍ വേട്ടയാടപ്പെട്ട രക്തസാക്ഷിയായ ഗാന്ധിജിയെ കമ്മ്യൂണിസ്റ്റുകളും ആത്മാര്‍ഥമായി അംഗീകരിച്ചതായി അറിവില്ല. വാര്‍ധയിലെ കള്ളന്‍ എന്നൊക്കെ കമ്മ്യൂണിസ്റ്റുകള്‍ ഗാന്ധിജിയെ വിശേഷിപ്പിച്ചതായും കേട്ടിട്ടുണ്ട്. ആദര്‍ശാത്മകമായ ആത്മീയപ്രതിരോധമാണ് ഗാന്ധിജി മുന്നോട്ട് വച്ചത്. വെറുപ്പില്‍ നങ്കൂരമിട്ട വിപ്ലവ സങ്കല്‍പ്പത്തെ അദ്ദേഹം അംഗീകരിച്ചില്ല. സ്വാതന്ത്ര്യസമരകാലത്തെ വെറുപ്പില്‍ അധിഷ്ഠിതമായ സായുധ സമരത്തേയും അദ്ദേഹത്തിന് സ്വീകരിക്കാന്‍ പറ്റിയിട്ടില്ല. ഹിംസയിലേക്കു വഴിപിരിയുന്ന ഒരാശയവും ഗാന്ധിജി അംഗീകരിച്ചിട്ടില്ല.
വെറുപ്പിലും അപരത്വത്തിലും കേന്ദ്രീകരിക്കുന്ന ഒരു ദര്‍ശനവും ഗാന്ധിജി മുന്നോട്ടു വെച്ചില്ല. ന്യൂനപക്ഷ മതവിശ്വാസികള്‍ ഗാന്ധിജിയുടെ രാമരാജ്യത്തെ സംശയത്തോടെ കണ്ടിട്ടുമില്ല. നല്ല മതബോധമുള്ള ധാരാളം മുസ്‌ലിം പോരാളികള്‍ ഗാന്ധിമാര്‍ഗത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഹിംസാ സിദ്ധാന്തത്തില്‍ പടുത്തുകെട്ടിയ ജനകീയ ജനാധിപത്യ വിപ്ലവത്തിലേയ്ക്ക് ആകൃഷ്ടനായ വ്യക്തിത്വമായിരുന്നു അതിര്‍ത്തിഗാന്ധിയെന്ന് അറിയപ്പെടുന്ന ഖാന്‍ അബ്ദുള്‍ ഖഫാര്‍ ഖാന്‍. അലി സഹോദരന്‍മാരും ഗാന്ധിജിയും തമ്മിലുള്ള ബന്ധവും ധാരാളമായി വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്. ഇവരാരും തന്നെ ഗാന്ധിജിയുടെ രാമരാജ്യത്തെ സംശയിച്ചവരല്ല. പാകിസ്താനേയും ഗാന്ധിജി ശത്രുരാജ്യമായി കാണുകയോ പകയോടെ സമീപിക്കുകയോ ചെയ്തിട്ടില്ല. വിഭജനാനന്തരം ഇന്ത്യ, പാകിസ്താന് നല്‍കാനുള്ള പണം എത്രയും വേഗം കൊടുത്തു തീര്‍ക്കാന്‍ അദ്ദേഹം സത്യഗ്രഹം അനുഷ്ഠിച്ചതും ഓര്‍ക്കാം. അപരത്വം കല്‍പ്പിക്കല്‍ ഗാന്ധിചിന്തയുടെ ഭാഗമായിരുന്നില്ല. അദ്ദേഹം ഹിന്ദുമതത്തില്‍ വിശ്വസിച്ചു. പ്രാര്‍ത്ഥനയും സമരവും ഒന്നിച്ച് കൊണ്ടുപോയി. ശുശ്രൂഷ എന്ന വലിയ ഒരാശയം ഗാന്ധിയന്‍ ചിന്തയിലുണ്ട്. സമരോത്സുകത വെറുപ്പിന് കാരണമായി ഭവിക്കരുത്. പോരാളിയുടെ ധാര്‍മികതയും സദാചാരവും വളരെ പ്രധാനമാണ്. ഇതിന്റെ ശോഷണമാണ് ലോകത്തെ സായുധവിപ്ലവത്തിലൂടെ രൂപപ്പെട്ട കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പല വിതാനത്തില്‍പ്പെട്ട തകര്‍ച്ചയ്ക്ക് കാരണമായത്. കമ്മ്യൂണിസവും ഫാസിസവും പല തലത്തില്‍ പരസ്പര പൂരകമായ ആശയങ്ങളാണ്. രണ്ടിലും ജനാധിപത്യനിരാസമുണ്ട്. തീവ്രഹിംസയുണ്ട്. കലര്‍പ്പിനെ ഭയപ്പെടലുണ്ട്. ഒരു ശത്രുവിനെ പ്രഖ്യാപിക്കലുണ്ട്. എന്നാല്‍ ഗാന്ധിസത്തില്‍ വര്‍ഗശത്രുവിനു പ്രസക്തിയില്ല. ആശയ തലത്തില്‍ വിയോജിക്കേണ്ട മിത്രങ്ങള്‍ മാത്രമേയുള്ളൂ.
സംഘ്പരിവാരം ഗാന്ധിജിയെ ഏറ്റെടുക്കാന്‍ എത്ര ശ്രമിച്ചാലും അവര്‍ പരിഹാസ്യരാവുകയേ ഉള്ളൂ. വെറുപ്പിലും വംശീയതയിലും പടുത്തുകെട്ടിയ രാഷ്ട്രീയമാണ് ആര്‍.എസ്.എസിന്റേത്. ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ ആര്‍.എസ്.എസ് ആസ്ഥാനത്തു നടന്ന ആഹ്ലാദത്തെക്കുറിച്ച് അന്നത് റിപ്പോര്‍ട്ട്‌ചെയ്ത പി.ടി.ഐ ലേഖകന്‍ വാള്‍ട്ടര്‍ ആല്‍ഫ്രെഡ് വെളിപ്പെടുത്തിയിട്ടുണ്ട്. ഗുരുജി ഗോള്‍വാല്‍ക്കറുടെ ഒരു പ്രസംഗം കേള്‍ക്കാന്‍ തിരുവനന്തപുരത്ത് പോയ അനുഭവം ഒ.എന്‍.വി കുറുപ്പ് പറഞ്ഞിട്ടുണ്ട്. വിയോജിപ്പുകള്‍ രേഖപ്പെടുത്തിയപ്പോള്‍ അദ്ദേഹം അസഹിഷ്ണുവായതും അദ്ദേഹത്തിന്റെ അനുയായികള്‍ വിമര്‍ശകരെ കയ്യേറ്റം ചെയ്തതും ഒക്കെ അദ്ദേഹം ഓര്‍ക്കുന്നു.
രണ്ടാഴ്ചക്കുശേഷം ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ തിരുവനന്തപുരത്തെ ബ്രാഹ്മണ ഗൃഹങ്ങളില്‍ മധുരം വിളമ്പി ആഹ്ലാദിച്ചതും ഒ.എന്‍.വി ഓര്‍ത്തെടുക്കുന്നുണ്ട്. ഒരുഭാഗത്ത് ഗാന്ധിജിയെ വാഴ്ത്തുകയും, അദ്ദേഹത്തിന്റെ യഥാര്‍ഥ ആശയങ്ങള്‍ മറച്ചുപിടിക്കുകയും ഗോഡ്‌സെയ്ക്കുവേണ്ടി ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ കാപട്യം തുറന്നു കാണിക്കണം. പോയവര്‍ഷം ഗാന്ധിജയന്തി ദിനത്തിലാണ് ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകയായ പൂജപാണ്ഡെ ഗാന്ധിജിയുടെ ചിത്രത്തിനു നേരെ നിറയൊഴിച്ച് ഗാന്ധിവധത്തിലെ സംഘ്പരിവാരത്തിന്റെ പങ്ക് വെളിപ്പെടുത്തിയത്. സത്യാനന്തരകാലത്ത് നുണകള്‍ കൊണ്ട് മുന്നോട്ടുപോകാമെന്ന് സംഘ്പരിവാര്‍ പ്രതീക്ഷിക്കുന്നു. ഗ്രാമീണ സമ്പദ്ഘടനയുടെ വളര്‍ച്ചയാണ് ഗാന്ധിജി മുന്നോട്ട് വെച്ചത്. രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നവര്‍ ഗാന്ധി വിരുദ്ധരല്ലാതെ മറ്റെന്താണ്.
ആര്‍.എസ്.എസിന്റേത് ജാതിവിരുദ്ധ പ്രത്യയശാസ്ത്രമാണെന്ന് വിശ്വസിക്കാന്‍ മന്ദബുദ്ധികള്‍ക്കേ സാധിക്കൂ. ബ്രാഹ്മണ്യത്തെ ആദര്‍ശവല്‍ക്കരിക്കുകയാണവര്‍ ചെയ്തത്. കീഴാളന്റെ സ്വത്വവും വിമോചനവും അവര്‍ അംഗീകരിച്ചില്ല. സംഘ്പരിവാരത്ത്‌നുമേല്‍ക്കൈ ഉള്ള ജനപഥങ്ങളില്‍ ഇപ്പോഴും കീഴാളന്‍ നിരന്തരമായി അപമാനിക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.
അംബേദ്കര്‍ക്കുപോലും ഹിന്ദുമതം ഉപേക്ഷിക്കേണ്ടി വന്നത് ഏത് പശ്ചാത്തലത്തിലാണെന്ന് ഓര്‍ക്കണം. ആര്‍.എസ്.എസ്. സമത്വത്തേയും മാനുഷികതയേയും കുറിച്ച് പറയുമ്പോള്‍ ഒരു ജനത വീണ്ടും ചതിക്കപ്പെടുകയാണ്. മോദിജിയോട് വിനീതമായ ഒരപേക്ഷയുണ്ട്. ഞങ്ങളുടെ എല്ലാം അങ്ങ് കവര്‍ന്നെടുക്കുന്നു. ഞങ്ങളുടെ അഭിമാനങ്ങള്‍... പ്രതീക്ഷകള്‍... എല്ലാം. ഒരു രാജ്യം തന്നെയും ഞങ്ങള്‍ക്ക് ഇല്ലാതാവുന്നു. ഞങ്ങള്‍ പാവങ്ങളാണ് സാര്‍. ആ ചര്‍ക്കയെങ്കിലും ഞങ്ങള്‍ക്ക് വിട്ടുതരണം. അതിനെച്ചൊല്ലിയെങ്കിലും ഞങ്ങള്‍ ഒന്ന് അഭിമാനിച്ചോട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."