ദക്ഷിണ റെയില്‍വേക്ക് ചരക്കു കടത്തില്‍ വന്‍ വര്‍ധന
മലപ്പുറം: ദക്ഷിണ റെയില്‍വേ വഴിയുള്ള ചരക്കു കടത്തില്‍ വന്‍ വര്‍ധന. നടപ്പു സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ വരെ ചരക്കു കടത്തില്‍ 20.87 ദശലക്ഷം ടണ്ണിന്റെ വര്‍ധനയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലുണ്ടായതിനെക്കാള്‍ 34 ശതമാനമാണ് വര്‍ധന.
കല്‍ക്കരി, ഇരുമ്പ് വ്യവസായ ശാലകളിലേക്കും ഉരുക്കുശാലകളിലേക്കുമുള്ള അസംസ്‌കൃത വസ്തുക്കള്‍, ഭക്ഷ്യധാന്യങ്ങള്‍, ഇരുമ്പയിര്, കണ്ടെയ്‌നര്‍ റാക്കുകള്‍, ജിപ്‌സം എന്നിവയാണ് അധികവും ദക്ഷിണ റെയില്‍വേ വഴി കടത്തിയത്. മൊത്തം ചരക്കുകളില്‍ 55 ശതമാനവും കല്‍ക്കരിയാണ്. കല്‍ക്കരിയില്‍ 67 ശതമാനവും കൊണ്ടുപോയത് വൈദ്യുതി നിലയങ്ങളിലേക്കാണ്. ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ് എന്നിവയുടെ കടത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 61 ശതമാനമാണ് വര്‍ധന. ജിപ്‌സം കടത്തില്‍ 47 ശതമാനവും വര്‍ധനയുണ്ടായി.
ഈ കാലയളവില്‍ 1,18,000 ടണ്‍ ഇരുമ്പ്, ഉരുക്ക് ഉല്‍പന്നങ്ങളാണ് ജിന്‍ഡാലിന്റെ സേലം ഫാക്ടറിയില്‍ നിന്ന് ദക്ഷിണ റെയില്‍വേ വഴി കൊണ്ടുപോയത്. ഇതില്‍ 71,000 ടണ്‍ കയറ്റുമതിക്കായി ചെന്നൈ തുറമുഖത്താണ് എത്തിച്ചത്. ബാക്കി ഉത്തരേന്ത്യയിലേക്കും കൊണ്ടുപോയി. തമിഴ്‌നാട് സിവില്‍ സപ്ലൈസ് വകുപ്പ് ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ എട്ടു ലക്ഷം ടണ്‍ നെല്ല് വിവിധ ജില്ലകളിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ തവണ ഈ കാലയളവില്‍ തമിഴ്‌നാട് സിവില്‍ സപ്ലൈസ് വകുപ്പ് കൊണ്ടുപോയത് 1.6 ലക്ഷം ടണ്‍ നെല്ലാണ്.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ദക്ഷിണ റെയില്‍വേക്ക് ചരക്കു കടത്തു വഴി ലഭിച്ചത് 1,774 കോടി രൂപയാണ്. കഴിഞ്ഞ തവണ ഈ കാലയളവില്‍ ഈയിനത്തില്‍ ലഭിച്ച തുകയെക്കാള്‍ 44 ശതമാനം അധികമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."