വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം
ഗയാന: ടി20 വനിതാ ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ന് തുടക്കം കുറിക്കുമ്പോള്‍ ലോകക്രിക്കറ്റ് പ്രേമികളുടെ കണ്ണും കാതും ഇനി കരീബിയന്‍ മണ്ണിലേക്ക് നീളും. ഇന്ന് തുടങ്ങി ഈ മാസം 24ന് അവസാനിക്കുന്ന ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസിലെ ഗയാന, സെന്റ് ലൂസിയ, ആന്റിഗ എന്നീ പ്രധാനപ്പെട്ട മൂന്ന് വേദികളിലായാണ് അരങ്ങേറുന്നത്. ഇത് രണ്ടാം തവണയാണ് 2010ന് ശേഷം വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പിന് വേദിയാവുന്നത്.
നിലവിലെ വനിതാ ലോകകപ്പ് ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ് സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടം ലക്ഷ്യമിടുമ്പോള്‍ സൂപ്പര്‍ ടീമുകളായ ആസ്‌ത്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയുമൊക്കെ കിരീടപ്പോരിനുള്ള തയാറെടുപ്പിലാണ്. വിന്‍ഡീസിനെ കൂടാതെ, ആസ്‌ത്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളും ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്. ഇതില്‍ തുടര്‍ച്ചയായി മൂന്ന് തവണ കിരീടം ചൂടിയ ഓസീസാണ് ഏറ്റവും കൂടുതല്‍ കിരീടം ഉയര്‍ത്തിയതും. ഡി.ആര്‍.എസ് (അംപയര്‍ ഡിസിഷന്‍ റിവ്യു സിസ്റ്റം) ഉപയോഗിക്കുന്ന ആദ്യ ലോകകപ്പ് എന്ന പ്രത്യേകതയും ഈ ടൂര്‍ണമെന്റിനുണ്ട്. 2016 ലെ ലോകകപ്പിന് സമാനമായി ആകെ 10 ടീമുകളാണ് ഇത്തവണത്തെ ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായി വെസ്റ്റ് ഇന്‍ഡീസ് നിലയുറപ്പിക്കുമ്പോള്‍ ഐ.സി.സിയിലെ മികച്ച ടീമുകളായ ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ശ്രീലങ്ക എന്നിവരും ഇത്തവണത്തെ ലോകകപ്പിനിറങ്ങുന്നു. യോഗ്യതാ റൗണ്ട് കളിച്ച് മികച്ച ടീമുമായെത്തിയ ബംഗ്ലാദേശും അയര്‍ലന്‍ഡുമാണ് ലോകകപ്പിലെ മറ്റ് സാന്നിധ്യങ്ങള്‍.
എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണയും ലോകകപ്പ് അരങ്ങേറുന്നത്. ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് അടങ്ങുന്ന ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ ഉള്‍പ്പെടുന്നു. അതേസമയം, ഇന്ത്യ അടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് കരുത്തരായ ആസ്‌ത്രേലിയയുടെയും ന്യൂസിലന്‍ഡിന്റെയും സ്ഥാനം. ഇവരെ കൂടാതെ, അയല്‍രാജ്യക്കാരായ പാകിസ്താനും കുഞ്ഞന്‍ ടീമായ അയര്‍ലന്‍ഡും ഇടം കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് ഗയാനയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തോടെയാണ് ആറാമത് ഐ.സി.സി ട്വന്റി20 വനിതാ ലോകകപ്പിന് തുടക്കമാവുക. ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകളായ പാകിസ്താനും ആസ്‌ത്രേലിയയും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും.
11ന് പാകിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. തുടര്‍ന്ന് 15ന് അയര്‍ലന്‍ഡുമായും 17ന് ആസ്‌ത്രേലിയയുമായും ഇന്ത്യന്‍ പെണ്‍പുലികള്‍ കൊമ്പുകോര്‍ക്കും. ഒരു ഗ്രൂപ്പില്‍ ഓരോ ടീമും നാല് മത്സരങ്ങളാണ് കളിക്കുക. ഇതില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീം സെമി ഫൈനലിലേക്ക് പ്രവേശിക്കും. ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തുന്ന ടീമും ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തുന്ന ടീമും ആദ്യ സെമി ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമും ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ടീമും രണ്ടാം സെമിയില്‍ മാറ്റുരയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."