യുവന്റസിന് തോല്‍വി
ടൂറിന്‍: ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിന് സീസണിലെ ആദ്യ പരാജയം. ചാംപ്യന്‍സ് ലീഗില്‍ അപരാജിതരായി മുന്നേറിയിരുന്ന യുവന്റസിനെ സ്വന്തം തട്ടകത്തില്‍വച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു യുവന്റസിന്റെ തോല്‍വി. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു യുവന്റസ് യുനൈറ്റഡിനുമുന്നില്‍ അടിയറവ് പറഞ്ഞത്. യുവന്റസിന് വേണ്ടി 65-ാം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോള്‍ നേടിയത്. എന്നാല്‍ 86-ാം മിനുട്ടില്‍ യുവാന്‍ മാട്ടയിലൂടെയാണ് യുനൈറ്റഡിന്റെ സമനിലഗോള്‍ പിറന്നത്. തുടര്‍ന്ന് 89-ാം മിനുട്ടില്‍ യുവന്റസ് പ്രതിരോധ താരം ലിയണാര്‍ഡോ ബനൂച്ചിയുടെ സെല്‍ഫ് ഗോളിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവന്റസിന്റെ തട്ടകമായ ടൂറിനില്‍ വിജയകാഹളം മുഴക്കുകയായിരുന്നു.
പന്തടക്കത്തിലും ഗോളുതിര്‍ക്കുന്നതിലും യുനൈറ്റഡിനെ ഞെട്ടിച്ച് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആധിപത്യം പുലര്‍ത്താന്‍ യുവന്റസിന് കഴിഞ്ഞെങ്കിലും യുനൈറ്റഡ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താനായില്ല.
ഇതു മൂന്നാം തവണയാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ ചാംപ്യന്‍സ് ലീഗില്‍ ഗോളടിക്കുന്നത്. ഒരു ഗോള്‍ പിറകിലായതോടെ കൂടുതല്‍ കരുത്തോടെ കളിച്ച യുനൈറ്റഡില്‍ കോച്ച് ചില മാറ്റങ്ങളും വരുത്തി. 70-ാം മിനുട്ടിന് ശേഷം ജെസ്സി ലിംഗാര്‍ഡിന് പകരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെയും ആന്ദര്‍ ഹരേരയ്ക്ക് പകരം യുവാന്‍ മാട്ടയെയും അലക്‌സിസ് സാഞ്ചസിന് പകരം മൗറൈന്‍ ഫെല്ലൈനിയെയും ഇറക്കി പരീക്ഷിച്ചപ്പോള്‍ ഇതില്‍ ടീം വിജയം കണ്ടു.
ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവന്റസിനെ എവേ മത്സരത്തില്‍ പരാജയപ്പെടുത്തുന്നത്. ജയത്തോടെ നാലു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പ് എച്ചില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. പരാജയപ്പെട്ടെങ്കിലും ഒന്‍പത് പോയിന്റുള്ള യുവന്റസ് തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.
ജുലന്‍ ലൊപെറ്റഗുയിയുടെ കീഴില്‍ തോല്‍വി ഭാരം പേറിയ ശേഷം സൊളാരി ഏറ്റെടുത്ത റയല്‍ മാഡ്രിഡ് വിജയവഴിയില്‍ തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ ചാംപ്യന്‍സ് ലീഗിലെ റയലിന്റെ പ്രകടനം. ചെക്‌റിപബ്ലിക് ക്ലബായ പ്ലസാനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടാണ് റയല്‍ കരുത്തുകാട്ടിയത്. റയലിന് വേണ്ടി കരിം ബെന്‍സേമ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ കാസമിറോ, ഗരെത് ബെയില്‍, ടോണി ക്രൂസ് എന്നിവരും ലക്ഷ്യം കണ്ടു.
മത്സരത്തിലെ 21-ാം മിനുട്ടില്‍ ബെന്‍സേമയാണ് റയലിനായി അക്കൗണ്ട് തുറന്നത്. തുടര്‍ന്ന് രണ്ട് മിനുട്ടുകള്‍ക്കകം കസാമിറോ റയലിന്റെ രണ്ടാം ഗോളും നേടി. 37-ാം മിനുട്ടില്‍ ബെന്‍സേമ ഇരട്ടഗോള്‍ നേട്ടം തികയ്ക്കുകയും ബെയില്‍ 40-ാം മിനുട്ടില്‍ ഗോള്‍ നേടുകയും ചെയ്തതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ റയല്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് മുന്നിലായി. ഇതോടെ വീണ്ടു ഗോള്‍ മഴ തീര്‍ത്ത് റെക്കോര്‍ഡ് സ്വന്തമാക്കാമെന്ന മോഹവുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയ റയലിന് പക്ഷേ ഫിനിഷിങിലെ പാളിച്ചകള്‍ വിനയാവുകയായിരുന്നു. 67-ാം മിനുട്ടില്‍ ടോണി ക്രൂസിന്റെ ഗോള്‍ മാത്രമാണ് പ്ലസന്‍ വലയിലേക്ക് കയറിയത്. ജയത്തോടെ മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കിയ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ജിയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. റയലിനും റോമയ്ക്കും ഒന്‍പത് പോയിന്റുകള്‍ ഉണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ റോമ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഗബ്രിയേല്‍ ജീസസ് ഹാട്രിക് ഗോളുമായി തിളങ്ങിയ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ഉക്രെയ്ന്‍ ചാംപ്യന്‍മാരായ ശാക്തര്‍ ഡൊണെസ്‌കിനെയാണ് സിറ്റി സ്വന്തം തട്ടകത്ത് നാണം കെടുത്തിയത്. ജീസസിന് പുറമേ ഡേവിഡ് സില്‍വ, റിയാദ് മെഹ്‌റസ്, റഹീം സ്റ്റെര്‍ലിങ് എന്നിവരും സിറ്റിക്കായി വല കുലുക്കി. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ മാത്രം വീണ സിറ്റിയുടെ അക്കൗണ്ടില്‍ രണ്ടാം പകുതിയിലാണ് അവശേഷിച്ച നാലു ഗോളും വന്നുചേര്‍ന്നത്. 13-ാം മിനുട്ടില്‍ ഡേവിഡ് സില്‍വയിലൂടെ ലീഡെടുത്ത സിറ്റി 24-ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസിലൂടെ രണ്ടാം ഗോളും കണ്ടെത്തി. തുടര്‍ന്നുള്ള രണ്ടാം പകുതിയില്‍ റഹീം സ്റ്റെര്‍ലിങാണ് അടുത്ത ഗോളിന് അവകാശിയായത്. ശേഷം 72-ാം മിനുട്ടില്‍ പെനാല്‍റ്റി വീണു കിട്ടിയ സിറ്റി ജീസസിലൂടെ നാലാം ഗോളും നേടിയെടുത്തു.
മത്സരത്തില്‍ ബ്രസീല്‍ താരത്തിന്റെ രണ്ടാം ഗോളായിരുന്നു അത്. തുടര്‍ന്ന് 84ാം മിനുട്ടില്‍ റിയാദ് മെഹ്‌റസ് കൂടി ഗോളടിച്ചതോടെ സിറ്റിയുടെ ജയം വന്‍മാര്‍ജിനില്‍ കലാശിക്കുമെന്ന് വ്യക്തമായി. എക്‌സ്ട്രാ ടൈമില്‍ എതിര്‍ വലയില്‍ പന്ത് നിക്ഷേപിച്ച് തന്റെ ഹാട്രിക് ഗോളുമായി ജീസസ് തിളങ്ങിയതോടെ സിറ്റി 6-0ന്റെ തകര്‍പ്പന്‍ ജയം നേടിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."