കാസര്‍കോട്ടെ പരേതര്‍; സുരേന്ദ്രന്‍ വക
കാസര്‍കോട് /മഞ്ചേശ്വരം: മരണപ്പെട്ടവരടക്കം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തുവെന്നാരോപിച്ചാണ് അന്നത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അന്ന് സുരേന്ദ്രന്‍ പരാതിയില്‍ പരേതരാക്കിയ പലരും ഇന്നും ഭൂമിയിലുണ്ട്. 259 പേര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തുവെന്നാരോപിച്ചാണ് കെ.സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നത്.
സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റ് പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് അവ്യക്തമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് തള്ളിയ കോടതി സുരേന്ദ്രനോട് സ്വന്തം നിലയ്ക്ക് തെളിവുനല്‍കാനും ആവശ്യപ്പെട്ടിരുന്നു. പിന്നീട് പി.ബി അബ്ദുറസാഖിന്റെ മരണത്തോടെ സുരേന്ദ്രന്‍ കേസ് പിന്‍വലിക്കുകയായിരുന്നു.
സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചെങ്കിലും അന്ന് നല്‍കിയ പരാതിയെ തുടര്‍ന്ന് പലരും കോടതി വരാന്തകള്‍ കയറിയിറങ്ങിയിരുന്നു. അതില്‍ ഒരാളാണ് അഹമ്മദ് കുഞ്ഞി. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വൊര്‍ക്കാടി പഞ്ചായത്തില്‍ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന കജ എന്ന പ്രദേശത്താണ് അഹമ്മദ് കുഞ്ഞി താമസിക്കുന്നത്. 'ഞാന്‍ മരിച്ചിട്ടില്ല ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്' അഹമ്മദ് കുഞ്ഞി പറയുന്നു.
പലതരം അസുഖത്തിനിടയിലും ഹൈക്കോടതിയിലെത്തി എന്റെ വോട്ട് ഞാന്‍ തന്നെയാണ് ചെയ്തതെന്ന് കോടതിയില്‍ ബോധിപ്പിച്ചതായി ഇപ്പോള്‍ മകന്‍ അബ്ദുല്‍ ഹമീദിനൊപ്പം താമസിക്കുന്ന അഹമ്മദ് കുഞ്ഞി കൂട്ടിച്ചേര്‍ക്കുന്നു. 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജീവന്‍ ബാക്കിയുണ്ടെങ്കില്‍ വോട്ടു ചെയ്യും. വീഴ്ചയില്‍ വലതു കൈ തളര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ് ഇപ്പോള്‍ അഹമ്മദ് കുഞ്ഞി. നിലവില്‍ ജീവിച്ചിരിപ്പുള്ള ഉപ്പളയിലെ ഹസ്സനും മരിച്ചിട്ടില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.
ഇത്തരത്തില്‍ പരേതനാക്കിയ ഹസ്സനിക്കയോട് കഴിഞ്ഞ ദിവസം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ വോട്ട് ചോദിച്ചതും കൗതുകമായി. പ്രവാസലോകത്ത് കഴിയുന്നവരുടെയും പരേതരായവരുടെയും വോട്ടുകള്‍ ചെയ്തതായി സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ഹസ്സനിക്കയും ഉണ്ടായിരുന്നു. എന്നാല്‍ കേസ് നടത്തിപ്പിനിടെ ഹസ്സനിക്ക കോടതിയില്‍ എത്തിയതോടെ സുരേന്ദ്രന്റെ കള്ളവോട്ട് വാദം പൊളിയുകയായിരുന്നു. സുരേന്ദ്രന്‍ പരേതനാക്കിയ തനിക്കു വീണ്ടും വോട്ടു ചെയ്യാനുള്ള അവസരം ലഭിച്ചതില്‍ ഹസ്സനിക്കയും സന്തോഷത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."