കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷം; ഭരണകക്ഷി യൂനിയനും സമരത്തിന്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഭരണകക്ഷി യൂനിയനും ഇന്നുമുതല്‍ പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്. ഒക്ടോബര്‍ മാസം ഏഴാം ദിവസമായിട്ടും ഇതുവരേ ശമ്പളം വിതരണം ചെയ്യാനായിട്ടില്ല. പ്രതിമാസം 86 കോടി രൂപയാണ് ശമ്പളവിതരണത്തിന് മാത്രമായി വേണ്ടത്.
കഴിഞ്ഞ മാസം 192 കോടി രൂപ വരുമാനമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ മാസം 18 വരെയുള്ള വരുമാനം തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളം, സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍, ഇന്ധനം എന്നിവക്കായുള്ള കുടിശ്ശിക തീര്‍ക്കാന്‍ വിനിയോഗിക്കേണ്ടി വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ കോര്‍പറേഷനുള്ള പ്രതിമാസ സഹായമായ 16 കോടി രൂപ നല്‍കാനായി ഉത്തരവായിട്ടുണ്ടെങ്കിലും രണ്ട് ദിവസത്തെ പൊതു അവധി കഴിയെണ്ടതിനാല്‍ നാളെക്കൂടി കഴിഞ്ഞേ പണം ലഭിക്കുകയുള്ളൂ.
വ്യാഴാഴ്ചയോടെ ശമ്പളം വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് എം പാനല്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടതുമൂലമുള്ള പ്രതിസന്ധി ഇനിയും പരിഹരിക്കാനായിട്ടില്ല. യാത്രക്കാരും വരുമാനവും കൂടുതല്‍ പ്രതീക്ഷിക്കുന്ന ദിവസങ്ങളില്‍ ദിവസ വേതനക്കാരായ ഡ്രൈവര്‍മാരെ നിയോഗിക്കാനാണ് ഡിപ്പോകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."