കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി രൂക്ഷമാകുന്നു
തിരുവനന്തപുരം: താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ ഉടലെടുത്ത പ്രതിസന്ധി രൂക്ഷമാകുന്നു. അവധി ദിനമായതിനാല്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കാതെയാണ് ഇന്നലെയും കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയത്. അതേസമയം കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിടപ്പെട്ടവരില്‍ കുറച്ചുപേരെ ജോലിക്ക് നിയോഗിക്കുകയും ചെയ്തു.
താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനാല്‍ 1600ഓളം സര്‍വിസുകളാണ് ഇന്നലെ റദ്ദുചെയ്തത്. ദീര്‍ഘദൂര സര്‍വിസുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദീര്‍ഘദൂര സര്‍വിസുകള്‍ ഏറ്റെടുക്കാന്‍ സ്ഥിരം ജീവനക്കാര്‍ തയാറാകുന്നുമില്ല. പ്രതിസന്ധി രൂക്ഷമായതിനാല്‍ ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് താല്‍ക്കാലിക ഡ്രൈവര്‍മാരുടെ സേവനം തേടിയേക്കും.
താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനാല്‍ ഉടലെടുത്ത പ്രതിസന്ധി ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിച്ച് മറികടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അവധിക്കുശേഷം ഇന്നുമുതല്‍ ഓഫിസുകളും വിദ്യാലയങ്ങളും സജീവമാകുമ്പോളും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് കെ.എസ്.ആര്‍.ടി.സിയില്‍ ആലോചനകള്‍ മാത്രമാണ് നടക്കുന്നത്.
സുപ്രിംകോടതിയുടെ അനുമതി ചൂണ്ടിക്കാട്ടി അവധിയിലുള്ള സ്ഥിരം ജീവനക്കാര്‍ക്ക് പകരം ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ എണ്ണം ജീവനക്കാരെ നിയമിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. 14ന് കേസ് കോടതി പരിഗണിക്കുകയും ബദല്‍ നിര്‍ദേശം നല്‍കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാമെന്ന ധാരണയാണ് സര്‍ക്കാര്‍ തലത്തിലും ഉള്ളത്.
പ്രതിസന്ധിക്കിടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞിട്ടില്ല. മെക്കാനിക്ക്, ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളില്‍പ്പെട്ടവര്‍ക്ക് നാളെയെങ്കിലും ശമ്പളം ലഭിക്കുമെന്നാണ് കരുതുന്നത്. ശമ്പളം കൊടുക്കാനായി സര്‍ക്കാര്‍ മാസംതോറും കോര്‍പറേഷന് നല്‍കുന്ന 20 കോടിയില്‍ 16 കോടിയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയിട്ടുണ്ട്. ബാങ്ക് അവധിയായതിനാല്‍ പണം കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലേക്ക് ഇന്നലെ മാറ്റാനായില്ല. ഇത് ഇന്ന് കോര്‍പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം കുറച്ചെങ്കിലും ശമ്പളം വിതരണം ചെയ്‌തേക്കും.
സര്‍ക്കാര്‍ നല്‍കുന്ന വിഹിതത്തില്‍ നാലുകോടി രൂപ ഇത്തവണയും കെ.എസ്.ആര്‍.ടി.സി എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശികയിലേക്ക് നല്‍കിയതാണെന്നാണ് പറയുന്നത്. ശമ്പളമായി നല്‍കാനുള്ള ബാക്കി തുക അടുത്ത ദിവസങ്ങളിലെ വരുമാനത്തില്‍നിന്നും നല്‍കാനാണ് ലക്ഷ്യമിടുന്നത്. പക്ഷേ ഡ്രൈവര്‍മാരില്ലാതെ സര്‍വിസുകള്‍ കൂട്ടത്തോടെ മുടങ്ങുന്ന സാഹചര്യത്തില്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."