കുപ്പം-കുറ്റിക്കോല്‍ ബൈപാസ് നാട്ടുകാര്‍ സര്‍വേ തടഞ്ഞു
തളിപ്പറമ്പ്: നിര്‍ദിഷ്ട കുപ്പം-കുറ്റിക്കോല്‍ ബൈപാസിനായി സ്ഥലം അളക്കാനെത്തിയ കണ്‍സല്‍ട്ടന്‍സി ജീവനക്കാരനെ നാട്ടുകാര്‍ തടഞ്ഞു. കീഴാറ്റൂര്‍ കൂവോട് പ്രദേശത്തെ നെല്‍വയലുകള്‍ ഇല്ലാതാക്കിക്കൊണ്ടാണ് റോഡ് കടന്നുപോകുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ദേശീയപാത അതോറിറ്റി അംഗീകരിച്ച പ്ലാന്‍ പ്രകാരം പൂക്കോത്ത് തെരുവിനു സമീപത്തു കൂടിയാണ് ബൈപാസ് കടന്നുപോകുന്നത്. ജനവാസ കേന്ദ്രത്തിലൂടെ റോഡ് കടന്നുപോകുമ്പോള്‍ നിരവധി ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുമെന്ന പരാതിയെ തുടര്‍ന്ന് അലൈന്‍മെന്റ് മാറ്റുകയായിരുന്നു. ഇതനുസരിച്ച് കീഴാറ്റൂര്‍ കൂവോട് വയലുകളിലൂടെ കുറ്റിക്കോലില്‍ എത്തുന്ന വിധമാണ് പുതിയ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. 60 മീറ്റര്‍ വീതിയില്‍ 68 ഏക്കര്‍ വയലാണ് ഏറ്റെടുക്കേണ്ടി വരിക. വര്‍ഷത്തില്‍ രണ്ടുവിള നെല്‍കൃഷി നടത്തുന്ന വയലാണിതെന്നും ഇവിടെ മണ്ണിട്ടുയര്‍ത്തി റോഡ് നിര്‍മിക്കുന്നതോടെ കീഴാറ്റൂരിലെ കാര്‍ഷിക മേഖല തകരുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ബംഗളൂരു ആസ്ഥാനമായ എയ്‌കോം കമ്പനിയാണ് സര്‍വേ നടത്തി രൂപരേഖ തയാറാക്കാനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. നാട്ടുകാര്‍ തടഞ്ഞതോടെ സര്‍വേ നടത്താതെ കഴിഞ്ഞ ദിവസം മടങ്ങിപ്പോയ ഉദ്യോഗസ്ഥര്‍ നാഷണല്‍ ഹൈവേ ലെയ്‌നിങ് ഓഫിസറായ കെ.വി അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഇന്നലെ കീഴാറ്റൂരിലെത്തി ചര്‍ച്ച നടത്തി. വയല്‍ നികത്തിയുള്ള വികസനം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. പ്രശ്‌നം ശ്രദ്ധയില്‍പെട്ട ജയിംസ് മാത്യു എം.എല്‍.എ ആവശ്യപ്പെട്ടതനുസരിച്ചാണ് നാട്ടുകാരുമായി ചര്‍ച്ചയ്ക്കു വന്നതെന്നും റിപ്പോര്‍ട്ട് കലക്ടര്‍ക്കും ദേശീയപാത അതോറിറ്റിക്കും നല്‍കുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."