ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ്‌വര്‍ക്കുമില്ലാതെ കശ്മിരിലേക്ക് ടൂറിസ്റ്റുകളെ ക്ഷണിച്ച് സര്‍ക്കാര്‍; എന്തിനീ പ്രഹസനമെന്ന് ടൂറിസം ഏജന്റുമാര്‍
ശ്രീനഗര്‍: ജമ്മുകശ്മിരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ക്കിടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വിനോദയാത്രയ്ക്കുള്ള വിലക്ക് നീക്കി. ഓഗസ്റ്റ് രണ്ടിന് പുറപ്പെടുവിച്ച വിലക്ക് രണ്ടുമാസത്തിന് ശേഷമാണ് പിന്‍വലിക്കുന്നതായി അറിയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. സംസ്ഥനത്തെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും അവര്‍ക്ക് ആവശ്യമായ പിന്തുണനല്‍കുമെന്നും പുതിയ അറിയിപ്പില്‍ പറയുന്നു.
അതേസമയം ഇന്റര്‍നെറ്റ്, വാര്‍ത്താവിനിമയ സംവിധാനങ്ങളും ഗതാഗത സൗകര്യങ്ങളും പൂര്‍വസ്ഥിതി കൈവരിക്കാതെ ടൂറിസത്തിനുള്ള വിലക്ക് നീക്കിയത് പ്രഹസനമാണെന്ന ആക്ഷേപം ശക്തമാണ്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ സംസ്ഥാനത്തേക്ക് ടൂറിസ്റ്റുകള്‍ എങ്ങിനെവരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നിരവധി ടൂറിസം ഏജന്‍സികള്‍ ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തു. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കാതെ ടൂറിസ്റ്റുകളെ ക്ഷണിച്ചതുകൊണ്ട് കാര്യമില്ലെന്ന് കശ്മിര്‍ ഹോട്ടല്‍ വ്യാപാരി സംഘടന അധ്യക്ഷന്‍ ആസിഫ് ബുര്‍സ പറഞ്ഞു. മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തതിനാല്‍ ടൂറിസ്റ്റുകള്‍ കശ്മിരിലേക്കു വരാന്‍ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദസറ ആഘോഷദിവസങ്ങളായ ഇപ്പോള്‍ കശ്മിരില്‍ ടൂറിസത്തിന്റെ സീസണാണ്. എന്നാല്‍, നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനാല്‍ ആ സീസണ്‍ ഇക്കുറി നഷ്ടമായി. കശ്മിരിലെ ടൂറിസം രംഗം വെന്റിലേറ്ററിലാണെന്നും അതിന് ഗൗരവമുള്ള ചികില്‍സ വേണമെന്നും ബുര്‍സ ആവശ്യപ്പെട്ടു.
വിലക്ക് നീക്കാനുള്ള തീരുമാനം വളരെ നല്ലതാണെന്നും കശ്മിരിലെ ടൂറിസം ഇതുപോലെ മോശം അവസ്ഥയിലൂടെ പോയിട്ടില്ലെന്നും ദാല്‍ തടാകത്തിലെ ഏജന്റുമാരിലൊരാളായ ഷക്കീല്‍ റാഷിദ് പറഞ്ഞു. സംഘര്‍ഷവും തീവ്രവാദപ്രവര്‍ത്തനവും ഏറ്റവും കൂടിയ 1990കളില്‍ പോലും കശ്മിരില്‍ ടൂറിസ്റ്റുകള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ ടൂറിസ്റ്റുകള്‍ വരാന്‍ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസ്റ്റുകളുടെ അടുത്തെത്താന്‍ ഞങ്ങള്‍ക്കു കഴിയില്ലെന്നും ഇവിടേക്കു വരാന്‍ ടൂറിസ്റ്റുകള്‍ക്കും കഴിയില്ലെന്നും മറ്റൊരു ഏജന്റും പറഞ്ഞു. ഇന്റര്‍നെറ്റ് ഇല്ലാത്തതിനാല്‍ ടൂറിസ്റ്റുകള്‍ ഇവിടേക്ക് വരുന്നുണ്ടെന്ന് ഞങ്ങള്‍ എങ്ങിനെ അറിയും? ടൂറിസ്റ്റുകള്‍ക്ക് എങ്ങിനെ ഹോട്ടലുകള്‍ ബുക്ക്‌ചെയ്യാന്‍ കഴിയും? ഹോട്ടുലുകള്‍ക്ക് എങ്ങിനെ അവരുടെ വെബ്‌സൈറ്റ് പരിശോധിക്കാനും വിവരങ്ങള്‍ പുതുക്കാനും കഴിയും?- അദ്ദേഹം ചോദിച്ചു.
Advisory restricting tourists in Jammu and Kashmir lifted #370
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."