പനിക്കിടക്കയില്‍ നാട്: നഗരസഭകള്‍ ഉറക്കത്തില്‍
കാഞ്ഞങ്ങാട്: നാടെങ്ങും പനിക്കിടക്കയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ നഗരസഭാ അധികൃതര്‍ ഉറങ്ങുന്നു. ഡെങ്കിപ്പനി മുതല്‍ വിവിധ തരം പനികള്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കെ നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന മത്സ്യ മാര്‍ക്കറ്റ് പരിസരം കൊതുക് വളര്‍ത്ത് കേന്ദ്രമായി മാറിയിട്ടുണ്ട്.
എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന ഭാവമാണ് നാഗസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും. മത്സ്യ മാര്‍ക്കറ്റ് ആധുനിക രീതിയില്‍ നവീകരിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ ജോലികള്‍ക്കു പുറമേ ചട്ട ലംഘനം നടത്തി ടെണ്ടര്‍ പോലും വിളിക്കാതെ വീണ്ടും ലക്ഷങ്ങള്‍ മുടക്കി കെട്ടിടം മോഡി പിടിപ്പിക്കുകയും സി.സി. ക്യാമറകള്‍ ഉള്‍പ്പെടെ ഇവിടെ സ്ഥാപിക്കുകയും ചെയ്തിരുന്നു.
അതേ സമയം നഗരത്തില്‍ മൊത്തം പകര്‍ച്ചാ വ്യാധികള്‍ പരത്താന്‍ പാകത്തിലുള്ള കൊതുക് സംഭരണ കേന്ദ്രവും മത്സ്യ മാര്‍ക്കറ്റിന് സമീപത്ത് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം വിവിധ ഭാഗങ്ങളില്‍ നിന്നായി നഗരത്തില്‍ ജോലിക്കെത്തിയ നൂറിലധികം ആളുകള്‍ക്ക് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പനികള്‍ ബാധിച്ച് മാസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ട അവസ്ഥ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്രാവശ്യം മഴയ്ക്ക് മുന്‍പായി നടത്തിയ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ജില്ലാ തല ഉദ്ഘാടനം നഗരസഭാ അധികൃതര്‍ നടത്തിയത് കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റിലാണ്.
ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ സംബന്ധിപ്പിച്ച് നടത്തിയ മാലിന്യ നിര്‍മാര്‍ജ്ജനം നഗരത്തില്‍ പേരിന് മാത്രമായി മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഴുക്ക് ജലം കെട്ടി നില്‍ക്കുകയും ഇത്തരം ഭാഗങ്ങളില്‍ കൊതുക് കൂത്താടികള്‍ തഴച്ചു വളരുകയും ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
പൊതു ജനങ്ങള്‍ അതിരാവിലെ മുതല്‍ സന്ധ്യവരെ ആശ്രയിക്കുന്ന മത്സ്യ മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് പകല്‍ നേരത്ത് പോലും കൊതുകുകളുടെ കടിയേറ്റു പിടയുന്ന അവസ്ഥയാണ് ഉള്ളത്.
കൊതുകുകള്‍ വഴി വിവിധ തരം പനികള്‍ പകരുകയും സംസ്ഥാനത്ത് തന്നെ ഡെങ്കിപ്പനി ഉള്‍പ്പെടെ ബാധിച്ച് ഒട്ടനവധി ആളുകള്‍ മരിച്ചു വീഴുകയും ചെയ്യുന്ന അവസ്ഥയുണ്ടായിട്ടും നഗരസഭയുടെ മൂക്കിന് താഴെയുള്ള പ്രദേശങ്ങളുള്ള കൊതുക് വളര്‍ത്തു കേന്ദ്രം അധികൃതര്‍ കണ്ടതായി നടിക്കുന്നില്ല.
നാടെങ്ങും പനിക്കിടക്കയില്‍ കഴിയുമ്പോള്‍ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. എന്നാല്‍ നഗരസഭയും,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇപ്പോഴും ഉറക്കത്തിലാണ്.
നീലേശ്വരം: നഗരസഭയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുമ്പോള്‍ നഗരസഭാ ആരോഗ്യ വിഭാഗം ഉറക്കത്തില്‍.
ശുചീകരണ -പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും അവധിയെടുത്തിരിക്കുകയാണ്.
ചെയര്‍മാന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴാണ് പ്രധാനപ്പെട്ട ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചു പൂട്ടിയ ഹോട്ടലുകളില്‍ നിന്ന് പിഴയീടാക്കാനോ, നഗരത്തില്‍ മാലിന്യം തള്ളുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് കൊടുക്കാനോ ഇവര്‍ തയ്യാറായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
ഇത്തരം സ്ഥാപനങ്ങളുമായി ജീവനക്കാര്‍ക്ക് അവിഹിത ഇടപാടുകള്‍ ഉള്ളതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ശുചീകരണ തൊഴിലാളികള്‍ കൃത്യമായി നഗരശുചീകരണം നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ഇത്തരം ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."