ലൈഫ് ഭവനപദ്ധതി: കൊടിയത്തൂരില്‍ വീട് പൊളിച്ച ഗുണഭോക്താക്കള്‍ പെരുവഴിയില്‍
മുക്കം: ഇടതുപക്ഷ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് ഭവനപദ്ധതി കൊടിയത്തൂര്‍ പഞ്ചായത്തില്‍ അവതാളത്തില്‍. പദ്ധതിയിലിടം പിടിച്ച ഗുണഭോക്താക്കളാണ് അധികൃതരുടെ അനാസ്ഥമൂലം ദുരിതത്തിലായിരിക്കുന്നത്. പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം പുതിയ വീട് നിര്‍മിക്കുന്നതിനായി താമസിക്കുന്ന വീട് പൊളിച്ചവരാണ് പെരുവഴിയിലായത്.
നാല് ലക്ഷം രൂപയുടെ വീട് നിര്‍മാണത്തിന് 65 കുടുംബങ്ങള്‍ക്ക് ഒന്നാം ഗഡുവായ 40,000 രൂപ ലഭിച്ചിരുന്നു. ബാക്കി തുക ഉടന്‍ ലഭിക്കുമെന്നും ഡിസംബര്‍ 31 നകം പുതിയ വീട് നിര്‍മിക്കണമെന്നും പഞ്ചായത്തധികൃതര്‍ അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് താമസിക്കുന്ന വീട് പൊളിച്ച് പുതിയ വീടിനായി തറ കെട്ടിയ കുടുംബങ്ങള്‍ക്ക് തറയുടെ പ്രവൃത്തി പൂര്‍ത്തിയായി അഞ്ച് മാസം കഴിഞ്ഞെങ്കിലും രണ്ടാം ഗഡു ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെ പലരും വലിയ തുക വാടക നല്‍കി മറ്റിടങ്ങളില്‍ താമസിച്ചു വരികയാണ്. 65 പേരില്‍ ഒന്‍പത് കുടുംബങ്ങള്‍ക്ക് മാത്രമാണ് രണ്ടാം ഗഡു ലഭിച്ചത്. പദ്ധതിയില്‍ ഉള്‍പ്പെട്ട സാധാരണക്കാരായ കുടുംബങ്ങള്‍ ദൈനംദിന ചിലവിന് പോലും പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുമ്പോഴാണ് മാസ വാടക നല്‍കി താമസിക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ അഞ്ച് മാസമായി വാടകക്ക് താമസിക്കുന്ന പലര്‍ക്കും വാടക കുടിശ്ശികയായതിനാല്‍ താമസ സ്ഥലത്തു നിന്നും ഇറക്കിവിടല്‍ ഭീഷണിയിലുമാണ്. പഞ്ചായത്തധികൃതരുടെ അനാസ്ഥയാണ് നിരവധി കുടുംബങ്ങള്‍ വഴിയാധാരമാവാന്‍ കാരണമെന്ന ആരോപണവുമായി യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്. പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബഷീര്‍ പുതിയോട്ടില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."