പെരുമ്പട്ട കുണ്ട്യം കടവ് പാലം നിര്‍മാണം തുടങ്ങി
കുന്നുംകൈ: വെസ്റ്റ് എളേരിയിലെ തേജസ്വിനി പുഴക്ക് കുറുകെയുള്ള പെരുമ്പട്ട പാലം നിര്‍മാണം തുടങ്ങി.ഇതിന്റെ ഭാഗമായി റോഡിനായുള്ള രണ്ടര മീറ്റര്‍ ആഴത്തില്‍ മണ്ണെടുക്കലിനു തുടക്കമായി. 1958ല്‍ മലബാര്‍ മേഖലയുടെ വികസനത്തിനു രൂപം നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ചന്ദ്രഭാനു കമ്മിഷന്‍ നിര്‍ദേശിച്ചതാണ് കയ്യൂര്‍-ചീമേനി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട പെരുമ്പട്ട കുണ്ട്യം കടവിലെ പാലം.
ചീമേനി ഓടക്കൊല്ലി റോഡിനെ ബന്ധിപ്പിച്ച് പാലം വന്നാല്‍ അത് മലയോരത്തിന്റെ സമഗ്ര വികസനത്തിനു പ്രയോജനപ്പെടുമെന്ന റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ചാണ് നിര്‍മാണമാരംഭിക്കുന്നത്. നേരത്തെ ധനകാര്യ കമ്മിഷന്‍ പാലത്തിന് 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയിരുന്നു.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പാലത്തിന് 12 കോടി രൂപയുടെ താല്‍കാലിക എസ്റ്റിമേറ്റ് തയാറാക്കുകയും അഞ്ചുലക്ഷം രൂപ മുടക്കി ഇന്‍വെസ്റ്റിഗേഷന്‍ നടത്തുകയും ബജറ്റില്‍ ടോക്കണ്‍ വയ്ക്കുകയും ചെയ്തിരിന്നു. പിന്നീട് താല്‍ക്കാലിക എസ്റ്റിമേറ്റ് പുതുക്കി 15 കോടിയാക്കി. പാലം നിര്‍മിക്കാന്‍ എല്ലാ നടപടിയും പൂര്‍ത്തിയായശേഷം വിശദ എസ്റ്റിമേറ്റില്‍ പാലത്തിന്റെ ഇരുവശത്തും വേണ്ട 260 മീറ്റര്‍ റോഡിനടക്കം ഒന്‍പതുകോടി രൂപയായി എസ്റ്റിമേറ്റ് പുതുക്കി. കഴിഞ്ഞ ബജറ്റില്‍ 9.9 കോടി രൂപ വകയിരുത്തിയ പാലം നിര്‍മാണത്തിന് തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതുമരാമത്ത് (ബ്രിഡ്ജ്‌സ് വിഭാഗം) അധികൃതര്‍ സ്ഥലം പരിശോധിച്ചു അനുമതി നല്‍കിയിരുന്നു. നേരത്തെ പാലത്തിനായി അപ്രോച്ച് റോഡിനുവേണ്ടി കണ്ടുവച്ച സ്ഥലം കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു സന്ദര്‍ശിച്ചു ജനപ്രതിനിധികളുമായി സംസാരിച്ചിരുന്നു. ഇതനുസരിച്ച് നേരത്തെ നടത്തിയ അലൈമെന്റില്‍ മാറ്റംവരുത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
സര്‍ക്കാറിന് ധനനഷ്ടമുണ്ടാകുമെന്ന നിഗമനത്തിലാണ് പുതിയ അലൈമെന്റിനു കലക്ടര്‍ നിര്‍ദേശം നല്‍കിയത്. പാലത്തിനായുള്ള അപ്രോച്ച് റോഡിനു പന്ത്രണ്ടു മീറ്റര്‍ വീതിയിലാണ് നിര്‍മാണം. പാലം യാഥാര്‍ഥ്യമാകുന്നതോടെ ഇരുപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് സൗകര്യപ്രദമാകും. ചീമേനി എന്‍ജിനിയറിങ് കോളജ്, പള്ളിപ്പാറ അപ്ലൈഡ് സയന്‍സ് കോളജ്, കയ്യൂര്‍ ഗവ. ഐ.ടി.ഐ, ചീമേനി ജി.എച്ച്.എസ്.എസ്, ചീമേനി തുറന്നജയില്‍, എളേരിത്തട്ട് ഇ.കെ നായനാര്‍ ഗവ. കോളജ്, ഭീമനടി വനിത ഗവ. ഐ.ടി.ഐ, വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസ്, പെരുമ്പട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഏറെ ഉപകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."