പിടിച്ചെടുത്ത ബസ് റോഡരികില്‍ അപകടഭീഷണി ഉയര്‍ത്തുന്നു
വടക്കാഞ്ചേരി: സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി പട്ടണ ഹൃദയത്തില്‍ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ഭാഗികമായി തകര്‍ന്ന സ്‌കൂള്‍ കരാര്‍ വാഹനം കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലായിട്ടും ഇത് ഇവിടെ നിന്ന് നീക്കം ചെയ്യാനോ മറ്റ് ക്രമീകരണങ്ങള്‍ ഒരുക്കാനോ തയാറാകാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം. 2014 നവംബര്‍ 10ന് എങ്കക്കാട് പൊതുശ്മശാനത്തിന് മുന്നില്‍ ടയര്‍ പൊട്ടിതെറിച്ച് റോഡിന് കുറുകെ മറിഞ്ഞ സ്‌കൂള്‍ വാഹനമാണ് പൊലിസ് നടപടികളുടെ ഭാഗമായി കെട്ടിവലിച്ച് പട്ടണ ഹൃദയത്തില്‍ കൊണ്ടു വന്നിട്ടത്.അപകടത്തില്‍ 19 കുട്ടികള്‍ക്ക് പരുക്കേറ്റിരുന്നു. വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതോടെ നടപടിക്രമങ്ങള്‍ സങ്കീര്‍ണമായി. ഇതോടെ വാഹനം പട്ടണത്തിലുറച്ചു. പൊലിസ് ക്വാര്‍ട്ടേഴ്‌സിന് മുന്നിലാണ് വാഹനത്തിന്റെ നീണ്ട നിദ്ര. കാട്ടുപൊന്തകളാല്‍ വാഹനം ചുറ്റപ്പെട നിലയിലാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, വിവിധ സംഘടനകള്‍ക്കും പോസ്റ്ററുകള്‍ ഒട്ടിയ്ക്കുന്നതിനും, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള മാധ്യമമായി ഈ വാഹനം മാറി കഴിഞ്ഞു. പാതയോരങ്ങളില്‍ കസ്റ്റഡി വാഹനങ്ങള്‍ സൂക്ഷിയ്ക്കരുതെന്ന ഹൈക്കോടതിയുടെ കര്‍ശന വിലക്ക് പോലും കാറ്റില്‍ പറത്തിയാണ് സ്‌കൂള്‍ വാഹനത്തിന്റെ കിടപ്പ്. വാഹനം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണെന്ന പരാതിയും ജനങ്ങള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."