സെക്രേട്ടറിയറ്റില്‍ ചായകുടി ചലഞ്ച്; ചെലവ് മാസം രണ്ടേകാല്‍ ലക്ഷം
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തില്‍ പുനര്‍നിര്‍മാണത്തിന് പണമുണ്ടാക്കാന്‍ ചെലവ് ചുരുക്കലുമായി സര്‍ക്കാര്‍ നെട്ടോട്ടമോടുമ്പോള്‍ സെക്രട്ടേറിയറ്റിലെ ഐ.എ.എസ് എമാന്മാര് ഒരു മാസം ചായ കുടിച്ചത് രണ്ടേകാല്‍ ലക്ഷം രൂപയ്ക്ക്. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള വകുപ്പ് സെക്രട്ടറിമാരുടേതാണ് സര്‍ക്കാര്‍ ചെലവില്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള ചായകുടി. പ്രളയദുരന്തത്തിന്റെ ആഘാതം ശക്തമായി നിന്ന മാസമായ സെപ്റ്റംബറില്‍ 2,24,296 രൂപയാണ് സെക്രട്ടേറിയറ്റിന് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫിഹൗസിന് മാത്രമായി നല്കാന് പൊതുഭരണ വകുപ്പ് ഉത്തരവായത്.
ഇന്ത്യന്‍ കോഫി ഹൗസ് സെക്രട്ടേറിയറ്റ് ബ്രാഞ്ച് മാനേജര്‍ ആണ് ഉദ്യോഗസ്ഥരുടെ 'ലൈറ്റ് റിഫ്രഷ്മെന്റ് ചാര്‍ജ്' ഇനത്തിലുള്ള സെപ്റ്റംബര്‍ മാസത്തെ ബില്ലുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ബില്‍ വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാര്‍ ഇത് അംഗീകരിച്ച് തുക അനുവദിച്ചു. ബില്‍തുക തൃശൂര്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡിന് അനുവദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവായത്. പ്രളയത്തിന് ശേഷം ചെലവ് ചുരുക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഉള്‍പ്പെടെ വെട്ടിക്കുറച്ചും സാലറി ചലഞ്ചിലൂടെ പണം സ്വരൂപിക്കാന്‍ കഷ്ടപ്പെടുമ്പോഴാണ് ഐ.എ.എസ് ഉന്നതരുടെ ആര്‍ഭാട ചായകുടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."