ആരോഗ്യമുള്ള പല്ലുകള്‍ വൃത്തിയുടെ ലക്ഷണം
വീട്ടിലുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ മാത്രം കഴിക്കുക. പ്രകൃതിയില്‍ നിന്നു കിട്ടുന്ന പഴവര്‍ഗങ്ങള്‍ കൂടുതല്‍ കഴിക്കുക.
പ്രിസര്‍വേറ്റീവ്‌സ്, വൈറ്റ് ഷുഗര്‍, മൈദ എന്നിവയുടെ ഉപയോഗം തീര്‍ത്തും ഒഴിവാക്കുക.
ചോക്ലേറ്റ്‌സ് കഴിക്കുന്നത് പല്ലിന് ഹാനികരമാണ്. അതിലടങ്ങിയിരിക്കുന്ന ഷുഗര്‍ ശരീരത്തിനും പല്ലിനും ദോഷം ചെയ്യും. അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ചോക്ലേറ്റ്‌സ് കഴിവതും വാങ്ങി കൊടുക്കാതിരിക്കുക. രണ്ടു മിനിറ്റെങ്കിലും പല്ലു തേയ്ക്കണം. എന്നാല്‍ അധികം സമയമെടുത്തു പല്ലു തേച്ചിട്ട് കൂടുതല്‍ കാര്യമൊന്നുമില്ല. അത് പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നു. പല്ല് വൃത്തിയാക്കാന്‍ ടൂത്ത് ബ്രഷ് ഉപയോഗിച്ചുതന്നെ വൃത്തിയാക്കണമെന്നില്ല. ചിലര്‍ക്ക് ബ്രഷ് ഉപയോഗിക്കാന്‍ ഇഷ്ടമല്ലായിരിക്കാം. ഇങ്ങനെയുള്ളവര്‍ ആര്യവേപ്പിന്റെ തണ്ട് ചവച്ച് പല്ല് വൃത്തിയാക്കാവുന്നതാണ്. പല്ലിന്റെ ആരോഗ്യത്തിന് ആര്യവേപ്പിന്റെ തണ്ട് വളരെ നല്ലതാണ്. ഒരു ദിവസം കുറഞ്ഞത് രണ്ടു നേരമെങ്കിലും പല്ല് തേയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നത്. രാവിലെ നന്നായി പല്ലു തേയ്ക്കുന്നവര്‍ രാത്രി പല്ലു തേയ്ക്കാറില്ല. അത് നല്ലതല്ല. കാരണം ഭക്ഷണം കഴിച്ചതിനു ശേഷം എത്ര നന്നായി വായ് കഴുകിയാലും അതിന്റെ അവശിഷ്ടങ്ങളും ബാക്ടീരിയകളും പല്ലില്‍ കാണും. അത് പല്ല് കേടാകാന്‍ കാരണമാകുന്നു. ഓരോ പ്രവശ്യം ഭക്ഷണത്തിനു ശേഷം പല്ല് തേയ്‌ക്കേണ്ടതാണ്. പലപ്പോഴും അത് നമുക്ക് സാധിച്ചെന്നു വരില്ല. അതുകൊണ്ട് ഭക്ഷണം കഴിച്ചശേഷം നന്നായി വായ് വൃത്തിയാക്കുക. രാവിലെയും രാത്രിയും ഉറങ്ങുന്നതിനു മുമ്പും നിര്‍ബന്ധമായും പല്ലു തേയ്ക്കുക. ബ്രാന്‍ഡ് പേസ്റ്റുകള്‍ മാത്രം തെരഞ്ഞെടുക്കുക. അതാണ് പല്ലിന് നല്ലത്.
പല്‍പ്പൊടിയല്ല
പേസ്റ്റ് വേണം
പല്‍പ്പൊടിയേക്കാളും പല്ലു തേയ്ക്കാന്‍ നല്ലത് പേസ്റ്റ് തന്നെയാണ്. കാരണം പല്‍പ്പൊടിയില്‍ അബ്രസീവ് കണ്ടന്റ് (പല്ലിന്റെ ഇനാമല്‍ തേഞ്ഞുപോകുന്നതിനുള്ള കണ്ടന്റ്) കൂടുതലാണ്. ടൂത്ത് പൗഡര്‍ മോണകള്‍ക്ക് മാത്രമേ സംരക്ഷണം നല്‍കൂകയുള്ളൂ. മോണകളുടെ ആരോഗ്യത്തിന് ടൂത്ത് പൗഡര്‍ വളരെ നല്ലതാണ്. എന്നാല്‍ പല്ലിന് ടൂത്ത് പേസ്റ്റ് തന്നെയാണ് ഉത്തമം.
ബ്രഷുകള്‍
സോഫ്റ്റ് ബ്രഷ്, മീഡിയം ബ്രഷ് എന്നിവയാണ് പല്ലു തേയ്ക്കാന്‍ യോജിച്ച ബ്രഷുകള്‍. ഹാര്‍ഡ് ബ്രഷുപയോഗിച്ച് പല്ലു തേച്ചാല്‍ മോണയില്‍ മുറിവുണ്ടാകാന്‍ അത് കാരണമാകും. മോണ മുറിയാന്‍ സാധ്യതയില്ലാത്ത ബ്രഷുകളാണ് പല്ലുതേയ്ക്കാന്‍ ഉത്തമം. ദന്തല്‍ ഫ്‌ളോസ് എന്നത് കട്ടികുറഞ്ഞ നൂലുകളാണ്.
പ്രമേഹരോഗികള്‍
പ്രമേഹരോഗികള്‍ക്ക് റെസിസ്റ്റന്റസ് പവര്‍ കുറവാണ്. അതിനാല്‍ പല്ലിന്റെ എല്ലുകള്‍ ചുരുങ്ങിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂന്നു മാസം കൂടുമ്പോള്‍ പ്രമേഹരോഗികള്‍ ദന്തിസ്റ്റിനെ കണ്ട് പല്ലിനു കുഴപ്പമൊന്നുമില്ല എന്ന് മനസ്സിലാക്കേണ്ടതാണ്. അവര്‍ക്ക് ഏതു നിമിഷവും പല്ലിനു കേടുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തുടര്‍ച്ചയായ ചെക്കപ്പുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. സാധാരണക്കാര്‍ ആറുമാസം കൂടുമ്പോള്‍ ദന്തിസ്റ്റിനെ കണ്ട് പല്ലിന്റെ ആരോഗ്യനില മനസ്സിലാക്കേണ്ടതാണ്. പല്ലിന്റെ ആരോഗ്യത്തിന് അത്യാവശ്യം വേണ്ട ഒരു കാര്യം വൃത്തിയാണ്. എപ്പോഴും പല്ല് വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്.
ആഹാര രീതിയില്‍ശ്രദ്ധിച്ചാല്‍ പല്ലിന് കേടുവരുന്നത് ഒരു പരിധിവരെ തടയാവുന്നതാണ്. രണ്ടുനേരം പല്ലു തേയ്ക്കുക, മധുര പലഹാരങ്ങള്‍ അധികം കഴിക്കാതിരിക്കുക, പെപ്‌സി, കോള, കോക്ക കോള പോലുള്ളവ കഴിക്കാതിരിക്കുക. ഫാസ്റ്റ്ഫുഡ് ഉപേക്ഷിക്കുക. ഫൈബര്‍ കണ്ടന്റ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക.
ചോക്ലേറ്റുകള്‍, ചൂയിംഗം തുടങ്ങിയവ ഉപേക്ഷിക്കുക. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാം. ആരോഗ്യമുള്ള പല്ലുകള്‍ വൃത്തിയുടെ ലക്ഷണമാണെന്ന് മറക്കാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."